കോട്ടയം: അന്യസംസ്ഥാന തൊഴിലാളികളെ പണം വാങ്ങി നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിന് ബംഗാളിൽ നിന്ന് എത്തിച്ച നാഷണൽ പെർമിറ്റ് ലോറി ഗാന്ധിനഗർ പൊലീസ് പിടികൂടി. മെഡിക്കൽ കോളേജ് ഭാഗത്ത് താമസിക്കുന്ന തൊഴിലാളികളെ കൊണ്ടു പോകുന്നതിനാണ് അനുമതിയില്ലാതെ ലോക്ക് ഡൗൺ ലംഘിച്ച് ലോറി എത്തിയത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നീരീക്ഷണം നടത്തി വരികയായിരുന്നു. ലോറി ഡ്രൈവറെയും ക്ലീനറെയും ക്വാറന്റൈനിലാക്കി.