കോട്ടയം: മെഡിക്കൽ കോളേജിൽ പുതിയ ബ്ലോക്ക് നിർമാണത്തിന് സ്വാഭാവിക വനം വെട്ടി നശിപ്പിക്കുന്നത് കേരളകൗമുദി വാർത്തയെ തുടർന്ന് വിവാദമായതോടെ വെട്ടി മാറ്റുന്ന മരത്തിന് പകരം തൈ പിടിപ്പിക്കുമെന്ന് ആശുപത്രി വികസന സമിതിയുടെ ന്യായീകരണം . ഒരു മരം മുറിച്ചാൽ പത്തു മരം പകരം നടണമെന്നാണ് കേരള നിയമസഭ പാസാക്കിയ ഉത്തരവ്. കുട്ടികളുടെ വിഭാഗം, അഡ്മിനിസ‌്ട്രേറ്റീവ് ബ്ലോക്ക് അടക്കം കിഫ്ബിയിൽ പെടുത്തി ഏതാണ്ട് 600 കോടിരൂപയുടെ വികസന പദ്ധതികളാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പാക്കുന്നത്. നിലവിൽ കുട്ടികളുടെ ആശുപത്രി രണ്ടു കിലോമീറ്റർ അകലെ അമ്മഞ്ചേരിയിലാണ് . ഗൈനക്കോളജി വിഭാഗം മെഡിക്കൽ കോളേജിലും. രണ്ടും ഒരേ സ്ഥലത്ത് തുടങ്ങുന്നത് സൗകര്യപ്രദമായതിനാലാണ് കുട്ടികളുടെ വിഭാഗത്തിന് പുതിയ ബ്ലോക്ക് മെഡിക്കൽ കോളേജ് വളപ്പിൽ പണിയുന്നത്. ഇതിന് സൗകര്യപ്രദമായ സ്ഥലം സ്വാഭാവികവനം നിൽക്കുന്ന പ്രദേശമാണെന്നാണ് വികസന സമിതിയുടെ കണ്ടെത്തൽ . മരം വെട്ടാൻ ട്രീ കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. ഇവിടുള്ള മരങ്ങൾ വെട്ടി മാറ്റുന്നതിന് പകരമായി മെഡിക്കൽ കോളേജ് വളപ്പിൽ കപ്പയും മറ്റും വളരുന്ന പ്രദേശത്ത് 50 മരങ്ങൾ വെച്ചു പിടിപ്പിക്കും. ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിൽ ആദ്യം മരങ്ങൾ വെച്ചു പിടിപ്പിക്കും .അതിന് ശേഷമാകും മരങ്ങൾ വെട്ടുക എന്നാണ് ആശുപത്രി വികസന സമിതിയുടെ വിശദീകരണം .
വികസന സമിതി പരിസ്ഥിതി വിരുദ്ധം
വികസന സമിതിയുടെ താത്പര്യം സംശയം ഉയർത്തുന്നു കാട് ഒഴിവാക്കി പ്ലാനിൽ മാറ്റം വരുത്താവുന്നതേയുള്ളൂ കപ്പകൃഷിയോ കാടോ വലുതെന്ന് വികസന സമിതി പറയണം പകരം തൈകൾ വച്ചു പിടിപ്പിച്ചാലും സംരക്ഷിക്കാതെ നശിക്കും വില കൂടിയ മരങ്ങൾ വെട്ടുന്നത് അഴിമതിക്കും വഴിയൊരുക്കും. ഗൈനക്കും കുട്ടികളുടെ വിഭാഗവും അടുത്തു വേണമെന്നില്ല കുട്ടികളുടെ ആശുപത്രി അകലെയായാൽ ഒരു കുഴപ്പവുമില്ല.