കോട്ടയം: കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ സാധാരണക്കാരെ ഉപദേശിക്കുന്ന ആരോഗ്യവകുപ്പ്, മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജനറൽ ആശുപത്രിയിൽ നടത്തിയ നഴ്സുമാരുടെ അഭിമുഖം വിവാദമായതോടെ റദ്ദ് ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് പേർ ആശുപത്രി മുറ്റത്തും റോഡിലും കൂട്ടംകൂടുകയായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേയ്ക്ക് ഇന്നലെ രാവിലെ ഒമ്പത് മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെയാണ് ഇന്റർവ്യൂ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ ഒഴുകിയെത്തിയതോടെ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു. കൊവിഡ് മുൻനിറുത്തിയുള്ള പ്രത്യേക മുന്നൊരുക്കങ്ങളില്ലാതിരുന്നതിനാൽ സാമൂഹിക അകലം പാലിക്കലും ബ്രേക്ക് ദ ചെയിനും നടന്നില്ല. കൈക്കുഞ്ഞുങ്ങളുമായി വരെ ഉദ്യോഗാർത്ഥികൾ തിക്കിത്തിരക്കി. കാഷ്യാലിറ്റിയിൽ വരെ ആളുകൾ നിറഞ്ഞതോടെ പിന്നാലെയെത്തിയവർ റോഡരികിൽ ക്യൂവായി. നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടതോടെ ഇവരെ പുറത്താക്കി ഗേറ്റ് പൂട്ടി.

 നടന്നത് ഗുരുതര വീഴ്ച

കൊവിഡ് ബാധിച്ചും അല്ലാതെയും നൂറുകണക്കിന് രോഗികൾ എത്തുന്ന സ്ഥലത്ത് ഇത്രയും ആളുകൾ കൂട്ടംകൂടാതിരിക്കാനുള്ള നടപടി സ്വീകരിച്ചില്ല. പ്രത്യേക സമയം നൽകിയിരുന്നെങ്കിൽ ‌ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.

സംഭവം വിവാദമായതോടെ അഭിമുഖം നിർത്തിവയ്ക്കാൻ ഡി.എം.ഒ നിർദേശം നൽകുകയായിരുന്നു. നിരുത്തരവാദപരമായി പ്രവർത്തിച്ച ആശുപത്രി അധികൃതർക്കെതിരെ ശിക്ഷാ നടപടിയുണ്ടായേക്കും