കോട്ടയം: ആഘോഷങ്ങളില്ലാതെ മാസങ്ങൾ പിന്നിട്ടതോടെ കാറ്രറിംഗ് മേഖലയിൽ നിന്ന് ആശങ്കയുടെ പുക ഉയരുന്നു. മൂന്ന് മാസത്തോളമായി സദ്യയും പരിവട്ടവുമില്ലാതെ കാറ്രറിംഗ് ഉടമകളും തൊഴിലാളികളും ഒരുപോലെ പ്രതിസന്ധിയിലായിട്ട്.
വിവാഹങ്ങൾ മാറ്റിവച്ചു. അടുത്തിടെ വീണ്ടും നടത്താമെന്നു വന്നപ്പോഴാകട്ടെ പരമാവധി 50 പേരെ പങ്കെടുക്കാവൂ എന്ന് നിയന്ത്രിച്ചു. വെജ് എന്നോ നോൺ വെജ് എന്നോയില്ലാതെ സാധാരണ നിലയിൽ 500 മുതൽ 2000 വരെ പേർക്ക് ഭക്ഷണം ഒരുക്കിയിരുന്നവരാണ് പ്രമുഖ കാറ്രറിംഗ് സർവീസുകാരെല്ലാം. സാമാന്യം നല്ല രീതിയൽ വരുമാനം ലഭിച്ചിരുന്നു. പക്ഷേ, പെട്ടെന്നാണ് കാര്യങ്ങൾ കൈവിട്ടു പോയത്. വായ്പയെടുത്ത് കാറ്രറിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവർക്കെല്ലാം പണികിട്ടി. കാറ്രറിംഗ് സർവീസിന് പുറമേ പന്തലും പാത്രമടക്കമുള്ള ഹയറിംഗ് സർവീസ് നടത്തുന്നവരും ഇതേ ഗതികേടിലാണ്.
1000 പേർ പങ്കെടുക്കുന്ന വിവാഹത്തിന് പാചകത്തിനും ഭക്ഷണം വിളാമ്പാനുമായി 60 പേർ വേണം. ലോക്ക് ഡൗൺ തീർന്നാലും ഈ വർഷം വലിയ പരിപാടികൾ കിട്ടാനുള്ള സാദ്ധ്യതയില്ല. വിദേശത്തുനിന്ന് നാട്ടിലേക്ക് വരാനുള്ള തടസങ്ങളും വന്നാലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നിശ്ചയിച്ച വിവാഹങ്ങൾ ഭൂരിഭാഗവും നീട്ടിവച്ചിരിക്കുകയാണ്.
വിവാഹം, നിശ്ചയം, ജന്മദിനാഘോഷം, പേരിടൽ, മാമോദീസ, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളെല്ലാം ഒഴിവാക്കിയതോടെ ഒട്ടേറെപ്പേരുടെ തൊഴിലാണ് ഇല്ലാതായത്. വിവാഹ മണ്ഡപം ഒരുക്കുന്നവർ, പാത്രം വാടകയ്ക്ക് കൊടുക്കുന്നവർ, പന്തൽ, ഗായകസംഘം ഉൾപ്പെടെയുള്ളവരും പ്രതിസന്ധിയിലാണ്.
ജില്ലയിൽ
500 ഓളം കാറ്രറിംഗ്
സർവീസുകൾ
അണയാത്ത ആധി
ബാങ്ക് വായ്പ എടുത്താണ് ആവശ്യമായ പാത്രങ്ങളടക്കം വാങ്ങിയിരിക്കുന്നത്
വലിയ യൂണിറ്റിന് 10 ലക്ഷം രൂപയുടെയെങ്കിലും പാത്രങ്ങൾ വേണ്ടിവരുന്നു
സീസൺ കഴിയുമ്പോഴേക്കും വായ്പയുടെ പലിശ ഇരട്ടിക്കുന്ന സ്ഥിതിയാകും
സംഘടിത തൊഴിലാളികൾ അല്ലാത്തതിനാൽ ക്ഷേമനിധി ആനുകൂല്യവുമില്ല
'' മൂന്ന് മാസത്തിനിടെ മുപ്പതിലേറെ ഓർഡറുകൾ കാൻസലായവർ വരെയുണ്ട്. പ്രതിസന്ധിയിലായത് ഞങ്ങൾ മാത്രമല്ല. തൊഴിലാളികൾ മുതൽ വിദ്യാർത്ഥികൾ വരെയുണ്ട്. പല വിദ്യാർത്ഥികളും പഠനചെലവിനുള്ള തുക കണ്ടെത്തിയിരുന്നത് കാറ്ററിംഗിന് എത്തിയാണ്''
- മധുസൂദനൻ നായർ, എം.എസ്.കാറ്ററിംഗ്