കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി സമർപ്പിച്ച വിടുതൽ ഹർജി കോട്ടയം വിജിലൻസ് കോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി വിചാരണ നേരിടാനും നിർദേശിച്ചു. കേസ് അടുത്തമാസം 27ന് പരിഗണിക്കും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 - 2007 കാലത്ത് 65.70 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്. കേസിൽ കഴമ്പില്ലെന്നും കുടുംബപരമായി ലഭിച്ച സ്വത്താണെന്നുമള്ള തച്ചങ്കരിയുടെ വാദം നിരാകരിച്ച കോടതി മൂന്ന് വർഷം കൊണ്ട് വിജിലൻസ് അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ട് മുഖവിലയ്ക്കെടുക്കുകയായിരുന്നു. 2007ൽ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയിൽ തച്ചങ്കരിയുടെ റിയാൻ സ്റ്റുഡിയോ ഉൾപ്പെടെ റെയ്ഡ് ചെയ്താണ് വിജിലൻസ് തെളിവ് ശേഖരിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ് പരിഗണിക്കുന്നതിനിടെ തച്ചങ്കരിയുടെ ആവശ്യപ്രകാരമാണ് കോട്ടയത്തേക്ക് മാറ്റിയത്.