jose-k-mani

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകിട്ടണമെന്ന പി.ജെ.ജോസഫിന്റെ ആവശ്യം ജോസ് കെ. മാണി തള്ളിയതോടെ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമായി.

ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ടാക്കിയ കരാർ പാലിച്ച് ജില്ലാ പഞ്ചായത് പ്രസിഡന്റ് സ്ഥാനം സെബാസ്റ്റ്യൻ കുളത്തുങ്കൽ രാജി വയ്ക്കണമെന്ന് പി.ജെ ജോസഫ് സമ്മർദ്ദം ചെലുത്തിയിരുന്നു.എന്നാൽ കെ.എം.മാണിയുടെ കാലത്തെ കരാർ അനുസരിച്ച് രാജി വേണ്ടെന്ന് ജോസ് ഇന്നലെ പ്രഖ്യാപിച്ചത് ജോസഫിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പേരിൽ ജോസഫ് യു.ഡി.എഫ് വിട്ടു പോകുമോയെന്ന ആശങ്കയിലാണ് നേതൃത്വം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശം പരസ്യമായി തള്ളിയാണ് ജോസ് കെ. മാണി രംഗത്തെത്തിയത്. '2015ൽ കെ.എം മാണിയുമായി ഉണ്ടാക്കിയ ധാരണയാണ് നിലവിലുള്ളത്. പ്രസിഡന്റ് പദവി വിട്ടുകൊടുക്കില്ല'- ജോസ് കെ. മാണി പറഞ്ഞു.

പാർട്ടിയിലെ പിളർപ്പിന് ശേഷം ഉണ്ടായ തർക്കത്തിൽ ആദ്യ എട്ടുമാസം ജോസ് കെ. മാണി പക്ഷത്തിനും ശേഷിക്കുന്ന ആറു മാസം ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയ്‌ക്കും പ്രസിഡന്റ് പദവി എന്നായിരുന്നു മുന്നണി ധാരണ. ജോസഫ് പറയുന്ന ഈ കരാർ ഉണ്ടെന്ന് ചെന്നിത്തല അടക്കം വ്യക്തമാക്കിയിരുന്നു. വിട്ടു വീഴ്‌ച ചെയ്യണമെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ജോസ് വഴങ്ങിയില്ല.

ഇതേ ചൊല്ലി മുന്നണി മാറുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയ ജോസ് ഇടതുമുന്നണിയെ പ്രകീർത്തിക്കുന്നത് ജോസഫാണെന്നും പറഞ്ഞു. ജില്ലാ പഞ്ചായത്തിലെ കേരളകോൺഗ്രസ് തർക്കം യു.ഡി.എഫിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതു മുന്നണി.