കോട്ടയം: തങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്ന വിഖ്യാതമായ സങ്കടം ആവർത്തിക്കുകയാണ് കോട്ടയത്തെ കുടിയൻമാർ. സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി ബെവ് ക്യൂ അവകാശപ്പെടുമ്പോഴും ജില്ലയിൽ മദ്യക്കച്ചവടം ആകെ താറുമാറായി. ഒന്നു തൊണ്ട നനയ്ക്കാൻ പെടാപ്പാടു പെടുന്ന കുടിയൻമാരെ വട്ടംകറക്കി രസിക്കുകയാണ് അധികൃതർ.

പിൻകോഡിന്റെ അടിസ്ഥാനത്തിലാണ് മദ്യവിൽപ്പന നടത്തുന്നതെന്നാണ് ആപ്പ് നൽകുന്ന വിശദീകരണം. എന്നാൽ, കോട്ടയം നഗരത്തിലെ പിൻകോഡ് ലഭിച്ചവർക്ക് ഇന്നലെ കുമരകത്തെ ആഡംബര ഹോട്ടലിലേയ്‌ക്കുള്ള ടോക്കണാണ് കിട്ടിയത്. അവിടെ എത്തിയപ്പോൾ മദ്യത്തിന്റെ വില കേട്ട് അവർ ഞെട്ടി. കുറഞ്ഞത് നാലായിരം രൂപ! കുറഞ്ഞ മദ്യം അവിടെ എങ്ങും ലഭ്യമല്ല. ഇതേ തുടർന്ന് ടോക്കണും കീറിയെറിഞ്ഞ് ആളുകൾ മദ്യം വാങ്ങാതെ മടങ്ങി.

എന്നാൽ ചിങ്ങവനത്തെ ബാറിലും ചങ്ങനാശേരിയിലെ ബാറിലും വൻ തിരക്കായിരുന്നു. സാമൂഹിക അകലവും ലോക്ക് ഡൗൺ നിർദേശങ്ങളും എല്ലാം ലംഘിച്ചായിരുന്നു ആളുകൾ തടിച്ചു കൂടിയത്.

85 ലക്ഷം രൂപയുടെ കച്ചവടം

നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയിൽ കഴിഞ്ഞദിവസം ഒരു രൂപയുടെ പോലും മദ്യം വിറ്റില്ല. ഇവിടേയ്ക്ക് ആർക്കും ടോക്കൺ ലഭിക്കാതെ വന്നതോടെയാണിത്. മദ്യ വിൽപ്പന ആരംഭിച്ച രണ്ടാം ദിവസം 85 ലക്ഷം രൂപയുടെ കച്ചവടമാണ് ജില്ലയിലെ 13 ബിവറേജുകളിലുമായി നടന്നത്.