'ഒരുകളക്ടർ ഇങ്ങനെയായിരിക്കണമെന്ന്' ഒന്നര വർഷത്തിനുള്ളിൽ തെളിയിച്ച ശേഷം വിശ്രമജീവിതത്തിന് തയ്യാറാകുന്ന പി.കെ.സുധീർ ബാബുവിന് ബിഗ് സല്യൂട്ട് .ഓട്ടോ റിക്ഷയ്ക്കു മീറ്റർ വയ്ക്കാൻ കഴിവില്ലാത്തവരായിരുന്നു കോട്ടയം ഭരിച്ച മിക്ക കളക്ടർമാരും. മീറ്റർ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞുവെന്നതാണ് സുധീർബാബുവിന്റെ നേട്ടം. ഇനി ഓട്ടോ മീറ്റർ നോക്കേണ്ടത് നാട്ടുകാരുടെ ചുമതലയാണെന്നും ഇല്ലെങ്കിൽ പരാതിപ്പെടണമെന്നും പറഞ്ഞ കളക്ടർ മറ്റു കളക്ടർമാരെപ്പോലെ എന്നും തന്റെ മുഖം പത്രങ്ങളിലോ ചാനലുകളിലോ അടിച്ചു വരണമെന്ന താത്പര്യമില്ലാതെ സാധാരക്കാരന്റെ മനസോടെ പ്രവർത്തിച്ചു.
കോട്ടയം വഴിയുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ ജോലി ആരംഭിച്ചിട്ട് വർഷങ്ങളായി. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള സ്ഥലമെടുപ്പ് ആരംഭിക്കാൻ തന്നെ വർഷങ്ങളെടുത്തു. സ്ഥലമുടകളെ നേരിട്ടു കണ്ട് വാർഡു സമിതികൾ വഴി ചർച്ച നടത്തി സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് നിർമാണ ജോലികൾ ട്രാക്കിലാക്കി. പാത ഇരട്ടിപ്പിക്കൽ തങ്ങൾ ചാകും മുമ്പ് എങ്കിലും യാഥാർത്ഥ്യമാകുമെന്ന് നാട്ടാരെക്കൊണ്ട് പറയിക്കാൻ കഴിഞ്ഞത് സുധീർ ബാബുവിന് മാത്രമാണ് . ഇടതും വലതുമായ രാഷ്ടീയക്കാരുമായി അടുപ്പമുള്ള ഹാരിസൺ മലയാളം കമ്പനിയെ തൊടാൻ പലരും ധൈര്യം കാണിക്കാറില്ല. എന്നാൽ ഹാരിസൺ കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിക്കാൻ കേസ് ഫയൽ ചെയ്തു കോടതിയിൽ അവരുടെ നീക്കം പൊളിച്ചു.
ലോക് സഭാ തിരഞ്ഞെടുപ്പ്, മഹാ പ്രളയം, പാലാ ഉപതിരഞ്ഞെടുപ്പ്, ലൈഫ് ഭവന പദ്ധതി, കൊടൂരാർ മീനന്തലയാർ നദീ സംയോജനം എന്നിവയിലെല്ലാം കൈയ്യൊപ്പു പതിപ്പിക്കാനായി. മഹാ പ്രളയത്തിൽ നിരവധി ക്യാമ്പുകൾ തുറന്നു . ആഹാരവും വസ്ത്രവും മറ്റ് അത്യാവശ്യസാധനങ്ങളും ആവശ്യത്തിലേറെ ക്യാമ്പുകളിൽ എത്തിക്കാൻ കൂട്ടായ ശ്രമത്തിന് നേതൃത്വം നൽകി.
മെഡിക്കൽ കോളേജിലും എം.ജി സർവകലാശാല വക തോട്ടക്കാട് സെന്ററിലും പരിശോധനാ സൗകര്യമൊരുക്കി, കമ്യൂണിറ്റി കിച്ചൻ , ക്വാറന്റൈൻ സെന്ററുകൾ എന്നിവയുടെ നടത്തിപ്പിലും മികവു കാട്ടി . കൊവിഡ് ബാധയുടെ പേരിൽ കോട്ടയം മാർക്കറ്റ് അടച്ചിടേണ്ട സന്ദർഭം രണ്ട് തവണ ഉണ്ടായിട്ടും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ വില നിലവാരം പിടിച്ചു നിർത്താനും കഴിഞ്ഞു. ലോക് ഡൗൺ ശക്തമാക്കി സാമൂഹ്യ വ്യാപനം തടഞ്ഞു. പായിപ്പാട് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് ചിലർ തെരുവിലിറക്കിയ സംഭവം കൈവിട്ടു പോകേണ്ടതായിരുന്നു .ഇത് ആളിക്കത്തിക്കാതെ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് അടിയന്തര ഇടപെടലിലൂടെയും മികച്ച ഏകോപനത്തിലൂടെയുമായിരുന്നു.
ഇരിക്കാൻ പറഞ്ഞാൽ കെടക്കാൻ തയ്യാറാകാതെ എതിരാളികളുടെ പോലും ബഹുമാനം പിടിച്ചു പറ്റുക ജില്ലാ ഭരണാധികാരിയെ സംബന്ധിച്ച് ശ്രമകരമാണ്. ആരെയും പിണക്കാതെയും വിശ്വാസത്തിലെടുത്തും നല്ലതു പറയിക്കാൻ കഴിഞ്ഞുവെന്നതാണ് ഒന്നര വർഷം ജില്ലാ ഭരണകൂടത്തെ നയിച്ച കളക്ടറുടെ നേട്ടം.