കോട്ടയം: പഠനം ഓൺലൈനാക്കാൻ നീക്കം നടത്തുന്നതിനിടെ അദ്ധ്യാപകരും മാതാപിതാക്കളും ആശങ്കയിൽ. ഓൺലൈൻ ക്ലാസുകളുടെ സാങ്കേതിക വിദ്യ പല മാതാപിതാക്കൾക്കും അറിയാത്തതും ഓൺലൈൻ ക്ലാസ് നടത്തുന്ന വിക്‌ടേഴ്‌സ് ചാനൽ പല കേബിൾ നെറ്റ് വർക്കിലും ലഭിക്കാത്തതുമാണ് കാരണം. വിക്‌ടേഴ്‌സ് ചാനൽ നോക്കി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനാണ് അദ്ധ്യാപകർക്കുള്ള നിർദേശം. ഇതിനായി ടൈംടേബിളും നൽകിയിട്ടുണ്ട്. അദ്ധ്യാപകർ ക്ലാസ് എടുക്കേണ്ടതും വിദ്യാർത്ഥികൾ പഠിക്കേണ്ടതും വിക്‌ടേഴ്‌സ് ചാനൽ കണ്ടുവേണം. എന്നാൽ പല ഡിഷ് ടിവി നെറ്റ് വർക്കുകാരും കേബിൾ ടിവി കമ്പനിക്കാരും വിക്‌ടേഴ്‌സ് ചാനൽ ഉൾപ്പെടുത്തിയിട്ടില്ല. വേണ്ട ക്രമീകരണം ഒരുക്കിയില്ലെങ്കിൽ ഓൺലൈൻ ക്ലാസ് അവതാളത്തിലാകും.

ഫോണുമായി പിന്നാലെ

രണ്ടു മാസം മുൻപ് മക്കളുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി വയ്‌ക്കാൻ മാതാപിതാക്കൾ നെട്ടോട്ടമായിരുന്നു. ഇന്ന് പാഠം പഠിപ്പിക്കാൻ ഫോണുമായി പിന്നാലെ ഓടുകയാണ്. ഓൺലൈനിലൂടെ ക്ലാസുകൾ നടത്തേണ്ടി വരുമെന്ന് സ്‌കൂളുകൾ പ്രഖ്യാപിച്ചതോടെ മക്കൾക്കു മാത്രമായി ആൻഡ്രോയിഡ് ഫോൺ വാങ്ങാനുള്ള ഓട്ടത്തിലാണ് മാതാപിതാക്കൾ.