foging
ചിത്രം: അടിമാലിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഫോഗിംങ്ങ് നടത്തുന്നു.

അടിമാലി: മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളും ജാഗ്രതയും കൂടുതൽ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. പഞ്ചായത്ത് പരിധിയിൽ പകർച്ചപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധയിടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫോഗിംങ്ങ് നടത്തി. പനി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫീവർ സർവേയും കൊതുക് നിരീക്ഷണവും നടത്തും. ഇതിനു പുറമെ പഞ്ചായത്ത് പരിധിയിലെ വീടുകൾക്ക് സമീപമുള്ള കൊതുകുകളുടെ ഉറവിട നശീകരണത്തിനും നടപടി സ്വീകരിക്കും. ദിവസങ്ങൾക്ക് മുമ്പ് വാത്തിക്കുടി, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അടിമാലി പഞ്ചായത്ത് പരിധിയിൽ നിലവിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നഗരപ്രദേശമെന്ന പരിഗണനയിലാണ് ജാഗ്രത കൂടുതൽ കർശനമാക്കിയിട്ടുള്ളതെന്നും ദേവിയാർ കോളനി പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ബി. ദിനേശൻ പറഞ്ഞു.