കോട്ടയം: ജില്ലയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ നെഗറ്റീവായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീണ്ടൂർ സ്വദേശിയാണ് (31) രോഗമുക്തനായത്. ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ യുവാവിന് 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിനെത്തുടർന്ന് ഇയാളെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക് (26) ഇന്നലെ രോഗം സ്ഥിരീകരിച്ചു. 11ന് എത്തിയ ഗർഭിണിയായ യുവതി ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേ വിമാനത്തിൽ സഹയാത്രികരായിരുന്ന അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് 28ന് ഇവരുടെ സാമ്പിൾ പരിശോധയ്ക്കയച്ചത്.

ജില്ലയിൽ ഇപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 20 പേരാണ്. ഇതുവരെ 3659 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 3199 പേരുടെ ഫലം നെഗറ്റീവാണ്. 420 ഫലം വരാനുണ്ട്.

ആകെ 5994 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 5028 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 614 പേർ വിദേശ രാജ്യങ്ങളിൽനിന്നും വന്നവരാണ്. ശേഷിക്കുന്നവർ സമ്പർക്കം പുലർത്തിയവരാണ്.