കോട്ടയം :അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി നന്നായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്തിനെ തകർക്കാനും യു.ഡി.എഫിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ആര് ശ്രമിച്ചാലും അത് അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ കെ.എം മാണി പാർട്ടി ചെയർമാനായിരുന്ന ഘട്ടത്തിൽ രൂപം കൊടുത്ത കരാർ പാലിക്കും. പ്രസിഡന്റ് കാലാവധി കോൺഗ്രസും കേരളാ കോണ്‍ഗ്രസും തുല്യമായി വീതിക്കുകയായിരുന്നു. കേരള കോൺഗ്രസിന് ലഭിച്ച രണ്ടരവർഷത്തെ കാലാവധിയിൽ സഖറിസാസ് കുതിരവേലിയും സെബാസ്റ്റ്യൻ കുളത്തിങ്കലും പങ്ക് വെയ്ക്കുക എന്നതാണ് രേഖാമൂലമുള്ള കരാർ. ഇതിൽ മാറ്റം വരുത്താൻ ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത് അന്യായവും അധാർമ്മികവുമാണ്.