കോട്ടയം: ജില്ലയിൽ 268000 വിദ്യാർത്ഥികളിൽ 8500 ഓളം വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ് ചാനൽ, സമഗ്ര പോർട്ടൽ, യൂട്യൂബ് എന്നീ സംവിധാനങ്ങളിലൂടെയുള്ള പഠനസൗകര്യമില്ല. ഇവർക്ക് തൊട്ടടുത്ത വായനശാലകൾ, ഗ്രാമപഞ്ചായത്ത് ഹാളുകൾ, പ്രാദേശിക പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അദ്ധ്യാപകരുടെ സഹായത്തോടെ ഓൺലൈൻ പഠനം സാദ്ധ്യമാക്കാമെന്ന് ജില്ലാ പഞ്ചായത്ത് യോഗം വിലയിരുത്തി. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പുവരുത്തും. യോഗത്തിൽ പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.കെ.ആർ. ചന്ദ്ര മോഹനൻ, വിദ്യാഭ്യാസ ഉപഡയക്ടർ സി.കെ.രാജ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സാബു ഐസക്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഒാർഡിനേറ്റർ കെ.ജെ.പ്രസാദ് എന്നിവർ സംബന്ധിച്ചു.