thomas-abrahm
ചിത്രം. തോമസ് എബ്രഹാം

അടിമാലി: അടിമാലിയുടെ സാമൂഹിക സാംസ്‌കാരികമേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന റിട്ട. അദ്ധ്യാപകൻ യാത്രയായത് മകളുടെ വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി. വീടിനടുത്ത ഔട്ട്ഹൗസിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെയാണ് ഇന്നലെ അടിമാലി വഴിവാടിക്കടവിൽ തോമസ് എബ്രഹാം (ടോമി 57) മരിച്ചത്. തോമസ് എബ്രഹാമിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്ത മകൾ ജിതയുടെ വിവാഹം. മേയ് രണ്ടിന് വിവാഹം നിശ്ചയിച്ചതായിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് മൈസൂറിലെ ജോലി സ്ഥലത്ത് നിന്ന് മകൾക്ക് എത്തിചേരാനാകാതെ വതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് മകൾ 23ന് മൈസൂറിൽ നിന്ന് ട്രെയിൻ വഴി ആലുവയിൽ എത്തി. അവിടെ നിന്ന് സ്വന്തം കാറിൽ തോമസ് മകളെയും കൂട്ടി അടിമാലിയിലെ വീട്ടിൽ എത്തി. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം മകൾ വീട്ടിലും തോമസ് ഔട്ട്ഹൗസിലും സ്വയം നിരീക്ഷണത്തിലായിരുന്നു. ഔട്ട്ഹൗസിൽ ഒറ്റയ്ക്ക് കിടന്നിരുന്ന തോമസ് ഇന്നലെ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഔട്ട്ഹൗസിലെത്തി നോക്കിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലിയുടെ സാമൂഹിക സംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് എല്ലാവരും സ്‌നേഹത്തോടെ ടോമിയെന്ന് വിളിച്ചിരുന്ന തോമസ് എബ്രഹാമിന്റെ വിയോഗം. 10 വർഷക്കാലം അടിമാലി വിവേകാനന്ദ ഇഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു തോമസ്. തുടർന്ന് സർക്കാർ സർവ്വീസിൽ അദ്ധ്യാപകനായി പ്രവേശിച്ചതിനു ശേഷം മന്നാംകണ്ടം, മച്ചിപ്ലാവ്, വെള്ളത്തൂവൽ എന്നീ സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർ ആയി. അടിമാലി എസ്.എസ്.എയിൽ ബി.പി.ഒ, കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ ശക്തനായ നേതാവ്, വൈ.എം.സി.എ, ലയൺസ് ക്ലബ്ബ് എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അടിമാലി ക്ലബിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു.