കോട്ടയം : ഹോട്ടലുകളിൽ ഭക്ഷണം പാഴ്‌സൽ മാത്രം നൽകിയാൽ മതിയെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം നിലവിലിരിക്കെ മാനദണ്ഡങ്ങൾ ലംഘിച്ച് തട്ടുകടകൾ പ്രവർത്തിക്കുന്നു. സാമൂഹിക അകലവും വൃത്തിയുമില്ലാതെയാണ് നഗരത്തിലെ പല തട്ടുകടകളും പ്രവർത്തിക്കുന്നത്. പൊതുസ്ഥലത്ത് ശീതള പാനീയങ്ങൾ വിൽക്കുന്ന കടകളും ബജ്ജിക്കടകളും സജീവമായി.

ശാസ്ത്രി റോഡിലും, നാഗമ്പടത്തും , കോടിമതയിലുമാണ് കച്ചവടം തകൃതിയായി നടക്കുന്നത്. പൊതിച്ചോറാണ് പ്രധാനമായും ഇത്തരത്തിൽ കച്ചവടം ചെയ്യുന്നത്. ചില കടകൾ രാത്രി പത്തുവരെ പ്രവർത്തിക്കുന്നുണ്ട്. അനധികൃത കച്ചവടം പെരുകിയിട്ടും നഗരസഭ അധികൃതർ നടപടിയെടുത്തിട്ടില്ല. ഭക്ഷണം വിതരണം ചെയ്യുമ്പോൾ ആരോഗ്യ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല.

നഗരത്തിലെ അനധികൃത ഭക്ഷണ വിതരണത്തിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേരത്തെ പരാതി നൽകിയിരുന്നു.