ഇന്ന് അടിയന്തിര നഗരസഭ കൗൺസിൽ യോഗം

പാലാ : ക്വാറന്റൈൻ ചട്ടം ലംഘിച്ച് കൊച്ചിടപ്പാടിയിൽ താമസിക്കാനെത്തിയവർക്കെതിരെ നാട്ടുകാർ രംഗത്ത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധികൃതർക്ക് പരാതി നൽകി. വിഷയം ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 11 ന് അടിയന്തിര നഗരസഭ കൗൺസിൽ യോഗം ചേരും. കൊച്ചിടപ്പാടിയിലുള്ള രണ്ടു യുവാക്കളാണ് വീട്ടിൽ നിന്ന് മാറി ചൂണ്ടച്ചേരിയിലും മുത്തോലിയിലും ക്വാറന്റൈനിൽ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് മൂവാറ്റുപുഴയിൽ നിന്നെത്തി ക്വാറന്റൈൽ കഴിയുന്നവർ പുറത്തിറങ്ങുകയും അയൽ വീടുകളിൽ പോവുകയും ചെയ്തതെന്ന് വാർഡ് കൗൺസിലർ ടോണി തോട്ടം ആരോപിച്ചു. ഇത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. നഗരസഭയോ ആരോഗ്യവകുപ്പോ അറിയാതെയാണ് ബംഗളൂരുവിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശികൾ പാലായിൽ ക്വാറന്റൈനിൽ കഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ക്വാറന്റൈൻ ചട്ടം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കവീക്കുന്ന് വികസനസമിതി ആവശ്യപ്പെട്ടു. പ്രദേശവാസികളായ രണ്ട് യുവാക്കൾ ക്വാറന്റൈൻ ചട്ടം പാലിച്ച് സർക്കാർ നിർദ്ദേശിച്ച കേന്ദ്രങ്ങളിലാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പോലും നടപടിയെടുക്കുന്ന പൊലീസ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിരിക്കുകയാണ്. മൂവാറ്റുപുഴയിൽ നിന്ന് കാർ മാർഗ്ഗമാണ് ഇവരെ പാലായിൽ എത്തിച്ചത്. വാഹനമോടിച്ചയാൾ ചട്ടപ്രകാരം ക്വാറന്റൈൻ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടത്തണം.

ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

കൊച്ചിടപ്പാടിയിൽ മൂന്നു പേർ ക്വാറന്റൈനിൽ കഴിയുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ മൂവാറ്റുപുഴയിലെ ആരോഗ്യവകുപ്പ് അധികാരികളെ അറിയിച്ച ശേഷമാണ് പാലായിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ തിരിച്ചതെന്നും പാലാ നഗരസഭയിലെ ഒരു കൗൺസിലറെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ക്വാറന്റൈനിൽ കഴിയുന്നവരിൽ ഒരാൾ പ്രതികരിച്ചു. വീട്ടിൽ വെള്ളം ഇല്ലാതെ വന്നപ്പോൾ തൊട്ടടുത്ത തോട്ടിൽ കുളിക്കാൻ പോയി എന്നത് ശരിയാണ്. മറ്റൊരു കാര്യത്തിനും പുറത്തിറങ്ങിയിട്ടില്ല. വന്നിട്ട് 10 ദിവസം കഴിഞ്ഞു. 4 ദിവസം കൂടി കഴിഞ്ഞ് മൂവാറ്റുപുഴയ്ക്ക് മടങ്ങുമെന്നും ഇവർ പറഞ്ഞു.