കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള പൊതുവഴി സ്വകാര്യ വ്യക്തി കൈയേറി ടാറിംഗ് തകർത്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി പൊതുജനങ്ങൾ ഉപയോഗിച്ച് വരുന്ന ടി.വി.എസ് റോഡിൽ നിന്ന് സ്റ്റാൻഡിലേക്കുള്ള പഞ്ചായത്ത് റോഡാണ് ടെക്സ്റ്റയിൽസുകാർ കൈയേറി നശിപ്പിച്ചത്. ലോക്ക് ഡൗൺ കാലത്ത് രാത്രിയുടെ മറവിലാണ് ജെ.സി.ബിയും റോഡ് റോളറും ഉപയോഗിച്ച് ടാറിംഗ് ഇളക്കി മാറ്റി റോഡ് നശിപ്പിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എംഡി.വൈ.എഫ്.ഐ പ്രവർത്തകർ അനധികൃത നിർമ്മാണം തടഞ്ഞ് പൊലീസിൽ വിവരമറിയിച്ചു. വഴി അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് വക റോഡ് എന്ന ബോർഡ് സ്ഥാപിക്കാൻ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.