കാഞ്ഞിരപ്പള്ളി : സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്ന പേട്ട സ്‌കൂൾ പാറക്കടവ് റോഡിലെ ആളൊഴിഞ്ഞ വട്ടക്കുഴി ഭാഗം വികസനസമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വൻതോതിൽ ഇറച്ചി, ഗാർഹിക മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരുന്നത്. മുൻപ് നാല് തവണ ഈ ഭാഗം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ച് ചെടികൾ നട്ട് വൃത്തിയാക്കിയിരുന്നു. എന്നാൽ ലോക് ഡൗൺ കാലം മുതലാക്കി ഇവിടെ വീണ്ടും മാലിന്യ നിക്ഷേപം തുടങ്ങി. ശുചീകരണ ദിനത്തിന്റെ ഭാഗമായിട്ടാണ് വീണ്ടും വികസനസമിതി രംഗത്തെത്തിയത്. സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ നീരിക്ഷണ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം വാർഡംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. കൊടുവന്താനം മസ്ജിദുൽ ത്വഖ്വാ പള്ളി പ്രസിഡന്റ് നസീർ കരിപ്പായിൽ, പി.എ.ഷരീഫ്, ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, വിപിൻ രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.