പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക സാമ്പത്തിക പത്രിക അംഗീകരിക്കാത്തതിലൂടെ പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങളും അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്ത് രാജ് നിയമത്തെ അംഗീകരിക്കാത്ത നിലപാടാണ് യു.ഡി.എഫും ബി.ജെ.പി.യും സ്വീകരിക്കുന്നതെ്. ബി.ജെ.പി.യുടെ രണ്ടും യു.ഡി.എഫിന്റെ ഒരംഗവും ഉൾപ്പടെ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച സാമ്പത്തിക പത്രികയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷം തന്നെ എതിർത്തത്. സന്നദ്ധ സംഘടന വിതരണം ചെയ്ത കിറ്റിന്റെ പേരിൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ശിക്ഷിക്കുകയാണ് പ്രതിപക്ഷം. കിറ്റ് വിതരണത്തിൽ സന്നദ്ധ സംഘടനയ്ക്ക് ഇല്ലാത്ത പരാതിയാണ് പ്രതിപക്ഷത്തിനുണ്ടായിരുന്നത്. ഇതിനെതിരെ കൊവിഡ് ചട്ടം ലംഘിച്ച് ബി.ജെ.പിയും യു.ഡി.എഫും യോജിച്ച് സമരം ചെയ്തു. ദുരന്ത നിവാരണ നിയമപ്രകാരം പൊലീസ് സ്വമേധയാ കേസ് എടുത്തു. ഈ കേസ് പഞ്ചായത്ത് ഇടപെട്ട് ഒഴിവാക്കിയാൽ മാത്രം പത്രിക അംഗീകരിക്കൂ എന്ന നിലപാടാണ് പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റിയിൽ എടുത്തത്. പൊലീസ് എടുത്ത കേസ് പഞ്ചായത്തിന് പിൻവലിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും ധനകാര്യ പത്രിക അംഗീകരിക്കാതെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
വ്യാജപ്രചരണമെന്ന് ബി.ജെ.പി
പ്രതിപക്ഷം വികസനം അട്ടിമറിക്കുന്നുവെന്ന എൽ.ഡി.എഫ് പ്രചരണം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷം. കിറ്റ് വിതരണത്തെ കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി പറയാതെ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ട് ഒളിച്ചോടിയ പ്രസിഡന്റും എൽ.ഡി.എഫും നടത്തുന്നത് നുണപ്രചരണമാണെന്നും ബി.ജെ.പി പറഞ്ഞു.