വൈക്കം: 'സുഹൃത്തേ... എന്നെങ്കിലും അകന്ന് മാറി നിന്ന് നിങ്ങൾ നിങ്ങളെ നിരീക്ഷിച്ചിട്ടുണ്ടോ?' കാണാക്കാഴ്ചകൾ തുടങ്ങുന്നത് നമ്മെ ഒരു നിമിഷം ഒന്നു നിറുത്തി ചിന്തിപ്പിക്കുന്ന ചോദ്യത്തോടെയാണ്.
ഏറെക്കുറെ ദീർഘമായ ഒരു കാലയളവിന്റെ നിയോഗം പൂർത്തിയാക്കി ചരിത്ര മന്ദിരത്തിന്റെ പടികളിറങ്ങുമ്പോൾ കെ.വി.പ്രദീപ് കുമാറിന്റെ മനസ്സിലേക്ക് ആദ്യമെത്തിയത് തന്റെ കവിതയിലെ തന്നെ വരികളാണ്. തിരിഞ്ഞു നോക്കുമ്പോൾ വായനയുടെയും എഴുത്തിന്റെയും ലോകം അകന്ന് നിൽക്കുകയായിരുന്നുവെന്ന് തിരിച്ചറിയുന്നു. പക്ഷേ ചാരിതാർത്ഥ്യമുണ്ട്. ആശ്രമം സ്‌ക്കൂളിന്റെ പ്രിൻസിപ്പലിന്റെ ചുമതല ചെറിയൊരു ദൗത്യമായിരുന്നില്ല. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഒരു വലിയ ജനസമൂഹത്തെ പഠിപ്പിച്ച സാക്ഷാൽ ഗുരുദേവന്റെ ആശ്രമമാണ്. ഗുരുവിന്റെ പാദസ്പർശം കൊണ്ട് ധന്യമായ, ഇന്നും ഗുരുദേവന്റെ പേരിൽ കരം തീർക്കുന്ന, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തെ പോലും പ്രകമ്പനം കൊള്ളിച്ച ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ സ്മരണകൾ ഉറങ്ങുന്ന മണ്ണാണ്. ആശ്രമം സ്‌ക്കൂളിലെ കാൽ നൂറ്റാണ്ടുകാലത്തെ അദ്ധ്യാപന ജീവിതത്തിൽ കഴിഞ്ഞ 16 വർഷങ്ങൾ പ്രിൻസിപ്പലിന്റെ ചുമതലയിലായിരുന്നു. വീടില്ലാത്ത കുട്ടികൾക്ക് വീട് വച്ചുനൽകുന്നതിനായി സ്‌ക്കൂൾ ആവിഷ്‌കരിച്ച സഹപാഠിക്കൊരു സാന്ത്വനം പദ്ധതി സംസ്ഥാനത്തൊട്ടാകെ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായതാണ്. പ്രദീപ് കുമാറിന്റെ നേതൃപാടവവും അർപ്പണബോധവും പദ്ധതിയുടെ വിജയത്തിന്റെ പ്രധാന ഘടകമായി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുകയും വലിയ വിജയം നേടുകയും ചെയ്യുന്ന സ്‌ക്കൂളിന്റെ പ്രശസ്തിക്ക് പിന്നിലും കെ.വി.പ്രദീപ് കുമാറെന്ന മാർഗ്ഗദീപമുണ്ട്.
കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ തൊട്ടയൽക്കാരനാണ് പ്രദീപ്കുമാർ . വിശ്വസാഹിത്യകാരനെ അടുത്തറിഞ്ഞ് വളർന്നതുകൊണ്ടാവും ചെറുപ്പം മുതലേ തനിക്ക് ചുറ്റും കഥകളുടേയും കവിതയുടേയും ലോകം തീർത്തിരുന്നു. അതിജീവനത്തിന്റെ വഴികളിൽ കഥയും കവിതയും പലപ്പോഴും അന്യമായി. ജോലിയുടെ ഇടവേളകളിൽ ഫേസ്ബുക്കിൽ ദിനാന്ത്യക്കുറിപ്പുകൾ പോലെ കവിതകൾ കുറിച്ചിട്ടിരുന്നു. അത് ഇപ്പോൾ കവിതാസമാഹാരമായി പുറത്തിറങ്ങാൻ പോവുകയാണ്. വീട്ടിൽ ഒരു വലിയ പുസ്തക ശേഖരമുണ്ട് പ്രദീപ് കുമാറിന്. ഇനി നഷ്ടപ്പെട്ട വായന തിരിച്ചുപിടിക്കണം, എഴുതണം. വിദ്യാലയത്തിന്റെ പടികളിറങ്ങിയെങ്കിലും ജീവിതം അക്ഷരലോകത്ത് തന്നെ തളച്ചിടാനുള്ള തീരുമാനത്തിലാണ് പ്രദീപ് കുമാർ. ഞീഴൂർ വിശ്വഭാരതി സ്‌ക്കൂൾ അദ്ധ്യാപിക രേഖയാണ് ഭാര്യ. മകൻ: ദേവദത്ത്.