br-shetty

ഗൾഫ് മരുഭൂമിയിൽ വിജയമാഘോഷിച്ച കുടിയേറ്റ സ്വപ്നത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ബവഗുരു രഘുറാം ഷെട്ടി എന്ന ബി. ആർ ഷെട്ടി. കർണാടകത്തിലെ ഒരു തീരദേശ ഗ്രാമത്തിൽ നിന്ന് എഴുപതുകളുടെ തുടക്കത്തിൽ വെറും 56 രൂപയുമായി എണ്ണസമ്പന്നമായ പശ്ചിമേഷ്യൻ മരുഭൂമിയിലെത്തിയ മനുഷ്യൻ ഫോർബ്സ് ലിസ്റ്റിൽ 32,​000 കോടി രൂപ ആസ്‌തിയുള്ള വമ്പൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ജൈത്രയാത്രയാണ് ഷെട്ടിയുടെ ജീവിതം!

റോൾസ് റോയിസുകൾ ഉൾപ്പെടെ കോടികൾ വിലയുള്ള ആർഭാട കാറുകളുടെ വൻ നിര സ്വന്തമായുള്ള ഷെട്ടി ദുബായിലെ വിഖ്യാതമായ ബുർജ് ഖലീഫയിലെ നൂറാമത്തെയും നൂറ്റിനാൽപ്പതാമത്തെയും നിലകൾ രണ്ടര കോടി ഡോളറിനാണ് (ഇന്നത്തെ മൂല്യം 180 കോടി രൂപ )​ വിലയ്ക്കു വാങ്ങിയത്. മകൻ ബിനയ് ഷെട്ടിയും പുത്രിമാരായ സീമ ഷെട്ടി,​ റീമ ഷെട്ടി,​ നീമ ഷെട്ടി എന്നിവരും പിതാവിന്റെ ബിസിനസിൽ സഹായികളായിരുന്നു.

ഷെട്ടിയുടെ സാമ്രാജ്യം അവിശ്വസനീയമാം വിധം തകർച്ചയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.

ഷെട്ടിയുടെയും കുടുംബത്തിന്റെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിരിക്കയാണ്. ഷെട്ടിയുടെ എല്ലാ സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഷെട്ടിയുടെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നായ എൻ.എം.സിയെ (ന്യൂ മെഡിക്കൽ സെന്റർ )​ ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ നിന്ന് ഒഴിവാക്കി. സാമ്പത്തിക ക്രമക്കേടുകളാണ് പ്രതിന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് കമ്പനിയുടെ ഓഹരിവില 80 ശതമാനം വരെ ഇടിഞ്ഞു. ലണ്ടൻ കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് ഇപ്പോൾ സ്ഥാപനം.

 യു. എ.ഇയിലെ വിവിധ ബാങ്കുകളിലായി എൻ. എം. സിക്ക് 800 കോടി ദിർഹം (ഏകദേശം 16,​500 കോടി രൂപ )​ കടബാദ്ധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

 എൻ. എം. സിക്ക് ഏറ്റവും കൂടുതൽ വായ്‌പകൾ നൽകിയ അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 ഒമാനിലെ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ബാദ്ധ്യതയുണ്ട്

 അന്തർദ്ദേശീയ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എൺപതോളം സ്ഥാപനങ്ങൾ എൻ.എം.സിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ

56 രൂപയിൽ നിന്ന് ആകാശത്തോളം

1942 ൽ കർണാടകത്തിൽ ഉഡുപ്പിയിലെ കാപ്പു എന്ന സ്ഥലത്താണ് ബി. ആർ ഷെട്ടിയുടെ ജനനം.

1968 ൽ ഉ‌ു‌ഡുപ്പി മുനിസിപ്പാലിറ്റിയിൽ ജനസംഘം കൗൺസിലറായി

1973 അബുദാബിയിൽ എത്തി. കൈയിൽ ആകെയുള്ളത് എട്ട് ഡോളറും (അന്ന് 56 രൂപ)​ ഒരു ബാഗും. ബാഗ് ആരോ മോഷ്‌ടിച്ചു. പക്ഷേ ബി.ആർ ഷെട്ടി എന്ന സ്ഥിരോത്സാഹിയെ കാത്ത് അവിടെ അവസരങ്ങൾ ക്യൂ നിൽക്കുകയായിരുന്നു. മറ്റാരും കാണാത്ത പുതിയ പുതിയ അവസരങ്ങൾ ഷെട്ടി കണ്ടെത്തി.

@ മെഡിക്കൽ റെപ്പ്

ഫാർമസി ബിരുദവുമായി അബുദാബിയിലെത്തിയ ഷെട്ടി ആ മേഖലയിൽത്തന്നെ ആദ്യ ചുവടു വച്ചു. മെഡിക്കൽ റപ്രസന്റേറ്റീവ് ആയി ജോലിക്കു കയറി. അബുദാബിയിലെ ആദ്യ വിദേശ മെഡിക്കൽ റെപ്പ് എന്ന് ഷെട്ടി പറയും. കഷ്‌ടപ്പാടിന്റെ ദിനങ്ങൾ. രാവിലെ ധരിക്കുന്ന ഷർട്ടും പാന്റ്സും വൈകിട്ട് കഴുകി പിറ്റേന്ന് ധരിക്കും. അന്ന് മരുന്നു നിറച്ച സാംസണൈറ്റ് ബാഗ് ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

@സ്വന്തം ക്ലിനിക്ക്

ആരോഗ്യ,​ ചികിത്സാരംഗങ്ങൾ പൂർണമായും സർക്കാ‌ർ മേഖലയിലായിരുന്ന അബുദാബിയിൽ സ്വകാര്യ മേഖലയുടെ അപാര സാദ്ധ്യതകൾ ഷെട്ടി തിരിച്ചറിഞ്ഞു.1975ൽ രണ്ടു മുറിയുള്ള അപ്പാർട്ട്മെന്റിൽ സ്വകാര്യ ക്ലിനിക്കും ഫാർമസിയും ആരംഭിച്ചു. ന്യൂ മെഡിക്കൽ സെന്റ‍ർ (എൻ.എം.സി )​ എന്ന് പേരുമിട്ടു. ഭാര്യ ചന്ദ്രകുമാരി ഷെട്ടി അവിടത്തെ ആദ്യത്തെ ഡോക്ടറായി. എൻ.എം.സി ഹെൽത്ത് പടർന്നു പന്തലിച്ച് 45 ആശുപത്രികളുടെ വലിയ ശൃംഖലയായി. 2000 ത്തോളം ഡോക്ടർമാർ.

@ യു.എ.ഇ എക്‌സ്ചേഞ്ച്

1980 ൽ മറ്റൊരു വലിയ അവസരം ഷെട്ടി വെട്ടിത്തുറന്നു. പ്രവാസികൾ നാട്ടിലേക്ക് പണമയയ്‌ക്കാൻ ബാങ്കുകളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതു കണ്ട ഷെട്ടിയുടെ മനസിൽ വലിയൊരു സാദ്ധ്യതയുടെ മിന്നൽപ്പിണർ. യു.എ.ഇ എക്സ്ചേഞ്ച് എന്ന സ്ഥാപനം തുടങ്ങി. അവിടെ ബാങ്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്‌ക്കാം. അതോടെ പ്രവാസികൾ യു.എ.ഇ എക്‌സ്ചേഞ്ചിൽ ക്യൂ നിന്നു. പ്രവാസികൾക്ക് ലാഭം. ഷെട്ടിക്ക് അതിനേക്കാൾ ലാഭം. 31 രാജ്യങ്ങളിലായി 850 ഡയറക്ട് ബ്രാഞ്ചുകൾ. മറ്റ് നിരവധി രാജ്യങ്ങളിൽ എക്സ്‌പ്രസ് മണി പോലെ നിരവധി സബ്സിഡിയറി ബ്രാഞ്ചുകൾ. പണം മിന്നൽ വേഗത്തിൽ അയയ്‌ക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ. കമ്പനി മാർക്കറ്റ് ലീഡറായി. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഷെട്ടി കമ്പനികളെല്ലാം പിന്നീട് ഫിനാബ്ലർ എന്ന കമ്പനിയുടെ ഒറ്റ കുടക്കീഴിലാക്കി.

@ നിയോ ഫാർമ

2003 ലാണ് ഷെട്ടി സ്വന്തം മേഖലയായ ഫാർമസ്യൂട്ടിക്കൽസിൽ വമ്പൻ മുതൽമുടക്കുമായി നിയോ ഫാ‌ർമ എന്ന മരുന്ന് നിർമ്മാണ കമ്പനി സ്ഥാപിക്കുന്നത്. അത്യാധുനിക പ്ലാന്റുമായി തുടങ്ങിയ കമ്പനി അബുദാബിയിൽ ആദ്യത്തേതായി. 2007ൽ ബംഗളുരുവിലെ പ്രശസ്തമായ ബയോകോണുമായി സംയുക്ത സംരംഭം തുടങ്ങി- നിയാബയോകോൺ. ബയോകോൺ ഉടമസ്ഥയായ കിരൺ മജൂംദാർ ഷായുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഷെട്ടി ഈ ഇടപാട് ഉറപ്പിച്ചു.

ഗൾഫിലെ എണ്ണ സാമ്രാജ്യത്തോടൊപ്പം ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യവും വളർന്നു. എമിറേറ്റിലെ ഭരണാധികാരികൾക്കും ഷെട്ടി പ്രിയപ്പെട്ടവനായി. 2005 ൽ രാജ്യത്തെ പരമോന്നത ബഹുമതിയായ ഓർഡർ ഒഫ് അബുദാബി നൽകി അവർ ഷെട്ടിയെ ആദരിച്ചു. ആ മെഡൽ ഷെട്ടി സദാ കോട്ടിൽ അണിഞ്ഞാണ് നടന്നത്. 2009 ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ഷെട്ടിയെ ആദരിച്ചു.

ക്രമേണ ഷെട്ടി ഇന്ത്യയിലും ബിസിനസ് താത്പര്യങ്ങൾ വളർത്തിയെടുത്തു. 180 വർഷം പഴക്കമുള്ള ആസാം കമ്പനിയും മുംബയിലെ സെവൻ ഹിൽസ് ആശുപത്രിയും ഏറ്റെടുത്ത അദ്ദേഹം കേരളത്തിലും ഒഡിഷയിലും ആശുപത്രികൾ സ്വന്തമാക്കി.

മലയാളികളോട് ഇഷ്‌ടം

കേരളത്തോടും മലയാളികളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന ഷെട്ടിയുടെ കമ്പനികളിലെ 70ശതമാനം ജീവനക്കാരും മലയാളികൾ ആയിരുന്നു.ഗൾഫിലെ ജീവിതത്തിന്റെ തുടക്കത്തിലെ കഷ്‌ടതകളിൽ മലയാളികൾ തന്നെ സഹായിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ പല അവാർഡ് നിശകളിലും ഷെട്ടിയുടെ സാന്നിദ്ധ്യം ഉണ്ടാകുമായിരുന്നു. ഷെട്ടിയുടെ വിശ്വസ്തവൃന്ദത്തിലെ രണ്ടുപേർ പാലക്കാട്ടുകാരായ സഹോദരന്മാരാണ്- പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും!

ഷെട്ടി എൻ.എം.സി ഹെൽത്ത് സി. ഇ. ഒ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരം നിയമിതനായത് പ്രശാന്ത് ആണ്. ഒരിക്കൽ യേശുദാസിന്റെ സംഗീത സദസിൽ ഹരം കൊണ്ട ഷെട്ടി വേദിയിൽ ചാടിക്കയറി തന്റെ റോൾസ് റോയ്‌സ് കാറിന്റെ താക്കോൽ കൊടുക്കാൻ ശ്രമിച്ചത് വാർത്തയായിരുന്നു. എം.ടിയുടെ രണ്ടാമൂഴം ആയിരം കോടി രൂപ മുടക്കി സിനിമയാക്കാൻ ഷെട്ടി മുന്നോട്ടു വന്നിരുന്നു. കോടതിക്കേസും മറ്റും കാരണം ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. കേരള സംഗീത നാടക അക്കാഡമി കലാകാരന്മാർക്കായി ആരംഭിച്ച ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതിയിൽ ആറായിരത്തോളം പേരുടെ പ്രീമിയം ആറു വർഷം അടച്ചത് ഷെട്ടിയായിരുന്നു.