മൂന്നുദിവസത്തേക്കുള്ള വസ്ത്രവും ബാഗിൽ കരുതി, കാസർകോട്ടേക്ക് വണ്ടി കയറുമ്പോൾ ഡോ. നരേഷിന്റെ മനസിൽ ഒരു പിടി ചോദ്യങ്ങളുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത്, എന്ന് തിരിച്ചു വരാൻ കഴിയും, രോഗികളെ ചികിത്സിക്കാൻ ചെന്നിട്ട് തിരിച്ച് അതേ രോഗവുമായി മടങ്ങേണ്ടി വരുമോ തുടങ്ങിയ കുറേ ആശങ്കകൾ. എന്തുസംഭവിച്ചാലും കൊടുത്ത വാക്കിൽ നിന്നും പിന്നോട്ടില്ല എന്നത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ധൈര്യം. അടുത്തറിയുന്ന പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വാർത്തകളിലെല്ലാം ദുരന്തഭൂമിയായി കാസർകോട് നിറഞ്ഞുനിൽക്കുകയാണ്. ഒരുഘട്ടത്തിൽ സർക്കാരിന്റെ മുന്നിൽ പോലും ആശങ്കയായി നിന്ന നാടാണ്. ഒടുവിൽ, തിരുവനന്തപുരത്ത് നിന്നും ഇരുപത്തിയാറ് പേർ അടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘം യാത്ര തിരിച്ചു. ദൗത്യം പൂർത്തിയാക്കി തിരികെയെത്തിയപ്പോൾ ഏറെ കൈയടി നേടിയത് തമിഴ്നാട് സ്വദേശിയായ ഡോ.നരേഷ് കുമാറാണ്. ഏഴുവർഷം സംസാരിക്കാതെ പിണങ്ങിയിരുന്ന അച്ഛൻ, മകൻ കോവിഡ് ബാധിച്ചവരെ ചികിത്സിക്കാൻ പോയതറിഞ്ഞ് ഫോൺ വിളിച്ചു വിശേഷം തിരക്കിയ സന്തോഷമായിരുന്നു അതിന് പിന്നിൽ. തമിഴ് കലർന്ന മലയാളത്തിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ എപ്പോഴൊക്കെയോ നരേഷിന്റെ ശബ്ദം കുറച്ചൊന്നിടറി, കണ്ണുകൾ നിറഞ്ഞു തുളുമ്പി, ഹൃദയം നിറഞ്ഞുതൂവി, വാക്കുകൾ അവിടവിടെയായി നഷ്ടപ്പെട്ടു.
''ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇതുപോലൊരു അനുഭവം. വളരെ പെട്ടെന്നുണ്ടായ ഒരു തീരുമാനമാണ്. ഞായറാഴ്ച ഇവിടെ നിന്ന് വണ്ടി പുറപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് കാസർകോഡിന് വേണ്ടി ഒരു ടീം റെഡിയാകണം എന്നറിഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറായിരുന്നു ഞങ്ങളുടെ ക്യാപ്റ്റൻ. ആകെ 26 പേർ. അഞ്ച് പേർ അടങ്ങുന്ന ടീമായിട്ടായിരുന്നു പ്രവർത്തനം. പതിനാല് ദിവസത്തേക്കുള്ള യാത്രയായിരുന്നു. ഒരാൾക്കും അവിടെയെത്തി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. സന്തോഷ് സാറിന് ലിബിയയിലൊക്കെ യുദ്ധസമയത്ത് പങ്കെടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം നൽകിയ ഊർജത്തിലാണ് എല്ലാവരും യാത്ര തിരിച്ചത്."
നാടാകെ
ഒന്നിച്ചതിന്റെ വിജയം
കാസർകോട് പോകുന്നതിന് മുമ്പ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ഡോ. നരേഷ് ആദ്യമെത്തിയത് എറണാകുളത്തായിരുന്നു. കൊവിഡ്-19 കേരളത്തിലേക്ക് എത്തിയ സമയം. അന്ന് കൂടുതലും വിദേശികളെയായിരുന്നു രോഗം ബാധിച്ചത്. അവിടെയും ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് രണ്ടുപേരെ അങ്ങോട്ടേക്ക് വിടുന്നത്. ആദ്യം മടിച്ചെങ്കിലും ഉത്തരവാദിത്തത്തിൽ നിന്നും മാറാൻ കഴിയില്ലെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടാണ് നരേഷ് സഹപ്രവർത്തകനായ ഡോ. അനിലിനൊപ്പം പോയത്. പിറ്റേ ദിവസം അവിടെ നിന്ന് മടങ്ങാനായി. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോൾ കാസർകോട് സ്ഥിതി രൂക്ഷമായി. മലയാളികളായ പലരും പോകാൻ മടിച്ചപ്പോഴാണ് ചെന്നൈ സ്വദേശിയായ നരേഷ് സമ്മതം അറിയിച്ചത്. ഫ്ലാഗ് ഒഫ് വാർത്ത മാദ്ധ്യമങ്ങളിൽ വന്നതോടെ ആശംസകളുടെ പ്രവാഹമായിരുന്നു. പോയ വഴിയിലെല്ലാം ഹൃദ്യമായ അനുഭവങ്ങളായിരുന്നു ടീമിനെ കാത്തിരുന്നത്. സന്നദ്ധപ്രവർത്തകർ ആഹാരം നൽകുന്നു, പൊലീസുകാർ പരേഡ് നടത്തുന്നു, എം.എൽ.എമാർ കാണാൻ വരുന്നു. ഉൗർജമേകുന്ന വാക്കുകളാണ് അവരെല്ലാം പകർന്നു തന്നത്, ഇനി എന്ത് സംഭവിച്ചാലും ഒരു കുഴപ്പമില്ലെന്ന് തോന്നിയ നിമിഷങ്ങൾ. രാത്രി കാസർകോട് എത്തിയ ടീം അതിരാവിലെ തന്നെ 35 കിലോമീറ്റർ സഞ്ചരിച്ച് സ്ഥലത്തെത്തി. അഡ്മിനിസ്ട്രേഷൻ ഓഫീസ് കെട്ടിടത്തെ ഒരു ദിവസം കൊണ്ട് ഹോസ്പിറ്റലാക്കി മാറ്റുക എന്നതായിരുന്നു ആദ്യത്തെ പരിപാടി. എല്ലാവരും കൂടി ഒത്തു പിടിച്ചതോടെ എട്ട് മണിക്കൂർ കൊണ്ട് വാർഡും ലാബുമൊക്കെ അതിവേഗം റെഡിയായി. ആദ്യദിവസം കേസൊന്നും ഉണ്ടാകരുതെന്ന പ്രാർത്ഥന പക്ഷേ വിഫലമായി. ആറ് കേസുകളാണ് നരേഷ് ഉൾപ്പെടുന്ന ആദ്യ ടീമിനെ കാത്തിരുന്നത്.
ഏഴു വർഷങ്ങൾക്ക് ശേഷം
അച്ഛന്റെ വിളിയെത്തി
എന്തുകാര്യമായാലും തുറന്നു സംസാരിക്കുന്ന സ്വഭാവമാണ് ചെറുപ്പം മുതലേ നരേഷിന്റേത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അതറിയാം. ഒളിച്ചും മറച്ചും പറയില്ല. പെട്ടെന്ന് തീരുമാനം എടുക്കും. എടുത്ത തീരുമാനത്തിൽ നിന്നും പിന്മാറുന്ന സ്വഭാവവുമില്ല. 2011ലാണ് അച്ഛനുമായുള്ള അകൽച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. ആ കാലം നരേഷ് ഓർത്തെടുക്കുന്നു. ''എം.ബി.ബി.എസ് കഴിഞ്ഞ് പി.ജിക്ക് ജോയിൻ ചെയ്തത് അഹമ്മദാബാദിലായിരുന്നു. ഓർത്തോയ്ക്കായിരുന്നു ചേർന്നത്. വലിയ ഇൻസ്റ്റിറ്റ്യൂട്ടാണത്. സീറ്റ് കിട്ടാനൊക്കെ നല്ല പ്രയാസവും. റാഗിംഗ് അവിടെ വലിയ വിഷയമാണ്. അത് പൊതുവേ എല്ലാർക്കും അറിയാവുന്നുമാണ്. എനിക്ക് ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഏതാണ്ട് ഒന്നരമാസം കഴിഞ്ഞപ്പോൾ തന്നെ ഞാനത് വിട്ടു. അച്ഛനത് പ്രയാസമായി. ഇനി എന്താണ് പ്ലാൻ എന്ന് ചോദിച്ച് വീട്ടിൽ സ്ഥിരം വഴക്കായി. വെറുതേ സമയം പാഴാക്കി കളയുന്നുവെന്നതായിരുന്നു പ്രധാന പരാതി. 2015 ൽ പീഡിയാട്രിക്സിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചേർന്നു. പക്ഷേ കുഞ്ഞുങ്ങളുടെ കരച്ചിലൊന്നും കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. അങ്ങനെ അതും വിട്ടു. പിന്നീട് അനസ്തേഷ്യ എടുത്തു. എന്റെ ഈ തീരുമാനങ്ങളൊന്നും അച്ഛന് ഇഷ്ടമായില്ല. അനസ്തേഷ്യ ചെയ്യുന്ന ഡോക്ടറെ പലപ്പോഴും രോഗികൾ അറിയുക പോലുമില്ല. മറ്റു ഡോക്ടർമാർക്ക് കിട്ടുന്ന പ്രശസ്തിയും കിട്ടില്ല. അച്ഛനെ പോലെ ഞാനും പേരെടുത്ത ഒരു ഡോക്ടറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, എനിക്കെപ്പോഴും സ്വന്തം തീരുമാനങ്ങളിൽ നിൽക്കാനായിരുന്നു ഇഷ്ടം. അച്ഛന് ഒരുപക്ഷേ അനുസരണയില്ലാത്ത കുട്ടിയാണെന്ന് ഞാനെന്ന് തോന്നിയിട്ടുണ്ടാകും.
നാട്ടിലെ പേരുകേട്ട ഡോക്ടറാണ് അച്ഛൻ രാമൻ. അമ്മ ശകുന്തളയ്ക്ക് സ്വന്തമായി ഒരു പ്രൈമറി സ്കൂളുമുണ്ട്. രണ്ടു പേരും തിരക്കിലാണ്. അവരുടെ ഏക മകനാണ്. കുട്ടിക്കാലത്ത് അച്ഛനായിരുന്നു കളിക്കൂട്ടുകാരൻ. വീട്ടിലെ താഴത്തെ നിലയിലായിരുന്നു അച്ഛന്റെ ക്ലിനിക്ക്. രോഗികൾ പോയി തീരുന്നതുവരെ അച്ഛനെ കാത്ത് ക്ലിനിക്കിൽ ഞാനുമിരിക്കും. അത്രയും അടുപ്പമുണ്ടായിരുന്ന ഞങ്ങളാണ് പിന്നീട് മുഖത്തോട് മുഖം നോക്കാതെയായത്. പി.ജിക്ക് അഡ്മിഷൻ തമിഴ്നാട്ടിൽ കിട്ടിയിട്ട് തിരുവനന്തപുരത്ത് വന്നുചേർന്നതിലും നീരസമുണ്ടായിരുന്നു. പതിയെ പതിയെ സംസാരം കുറഞ്ഞു. വീട്ടിൽ തന്നെ മതിൽ കെട്ടി ജീവിക്കുന്നവരായിരുന്നു ഞങ്ങൾ. അച്ഛന്റെ നമ്പർ എന്റെ കൈയിലുമില്ല, എന്റെ നമ്പർ അച്ഛന്റെ കൈയിലുമില്ല. അമ്മ വഴിയാണ് കാര്യങ്ങൾ അറിയുന്നത്.
കാസർകോട് എത്തിയപ്പോൾ തിരുവനന്തപുരത്ത് നിന്ന് ഫ്ലാഗ് ഒഫ് ചെയ്യുന്ന പടം വാട്സാപ്പിൽ ഞാൻ സ്റ്റാറ്റസ് ഇട്ടിരുന്നു. അത് കണ്ടിട്ട് കസിനാണ് അമ്മയോട് കാര്യം പറയുന്നത്. അമ്മ അപ്പോൾ തന്നെ പേടിയോടെ വിളിച്ചു. പത്താമത്തെ ദിവസം പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നു. അമ്മയാണ് ആദ്യം സംസാരിച്ചത്. അച്ഛന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു ഫോൺ കൊടുത്തു. സത്യത്തിൽ വല്ലാത്ത ഷോക്കായി പോയി. കുറച്ച് നിമിഷം നിശബ്ദതയായിരുന്നു ഞങ്ങൾക്കിടയിൽ. നിനക്ക് സുഖമല്ലേ എന്ന ചോദ്യത്തിലൂടെ വർഷങ്ങൾക്കിപ്പുറം അച്ഛന്റെ ശബ്ദം കേട്ടു. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എന്തായാലും തീരുമാനം നന്നായി, ടേക്ക് കെയർ എന്നൊക്കെ പറഞ്ഞാണ് അന്ന് അച്ഛൻ ഫോൺ വച്ചത്. കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം പിന്നിട്ടിരിക്കുന്നു ഞങ്ങളിങ്ങനെ സ്നേഹത്തോടെ സംസാരിച്ചിട്ട്.
ആ നിമിഷത്തിലാണ് വിജയിച്ചത്
അതുവരെ ഞാനൊരു പരാജയപ്പെട്ട മനുഷ്യനാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അതെല്ലാം മായ്ച്ചു കളഞ്ഞു ഒരു മിനുറ്റിൽ താഴെ മാത്രം നീണ്ടു നിന്ന ആ സംസാരം. അച്ഛന്റെ സർട്ടിഫിക്കറ്റിനേക്കാൾ വലിയൊരു പുരസ്ക്കാരം ഇനി എനിക്ക് കിട്ടാനില്ല. ആ ദിവസങ്ങളിലൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തിരികെ മടങ്ങുകയാണ്. അപ്പോഴാണ് ഡോ. സന്തോഷ് കാസർകോട് സമ്മാനിച്ച നല്ലതും മോശവുമായ അനുഭവം പങ്കുവയ്ക്കാൻ പറയുന്നത്. എന്റെ സന്തോഷം അത്രയും വലുതായതു കൊണ്ട് തന്നെ ഞാൻ ഈ കാര്യം തുറന്നു പറഞ്ഞു. കുറച്ച് നേരം നിശബ്ദതയായിരുന്നു. അതുകഴിഞ്ഞ് എല്ലാരും ചേർന്ന് കൈയടിച്ചു.
കഴിഞ്ഞ ആറേഴ് വർഷമായി എന്ത് ചെയ്താലും വീട്ടിൽ നിന്നും ഒരു അഭിനന്ദനവും കിട്ടിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം ആദ്യമായിട്ട് കിട്ടിയ അംഗീകാരമായിരുന്നു അത്. മടങ്ങുമ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ വച്ചാണ് സന്തോഷ് സാർ ഫോട്ടോയെടുത്ത് ഇത് ഫേസ്ബുക്കിൽ എഴുതുമെന്ന് പറയുന്നത്. പക്ഷേ ഞാനതത്ര കാര്യമാക്കിയില്ല. അധികം വൈകാതെ ഫോൺ കോളുകളും മെസേജുകളും ഫോണിലേക്ക് വന്ന് നിറയാൻ തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായതുകൊണ്ടാവാം സന്തോഷത്തിന് അത്ര മധുരമായിരുന്നു. ഇതറിഞ്ഞ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും വിളിച്ചിരുന്നു. മോനേ എന്നാണ് വിളിച്ചത്, നീ മറ്റൊരു നാട്ടിൽ നിന്നു വന്നുവെന്ന് കരുതണ്ട, നമ്മുടെ കുട്ടി തന്നെയാണ്. അച്ഛനുമായി പിണങ്ങിയിരിക്കരുത്. ഒരു വിഷമവും വിചാരിക്കരുത്. എല്ലാവരും കൂടെയുണ്ട് എന്നൊക്കെ പറഞ്ഞു.
മിണ്ടാതെ നടന്നവർ, കണ്ടിട്ടും മിണ്ടാൻ മടി കാണിച്ചവർ ഒക്കെ നരേഷ് ഡോക്ടറിനെ ഓർത്ത് അഭിമാനം കൊണ്ടു. ഫേസ് ബുക്കിലും മെസഞ്ചറിലുമെല്ലാം പ്രൗഡ് ഓഫ് യു എന്നെഴുതി. ദേഷ്യമുണ്ടായിരുന്ന പലരും വിളിച്ചിട്ട് നല്ല വാക്കുകൾ പറഞ്ഞു. ഇതൊക്കെ അദ്ദേഹത്തിന് പുതിയ അനുഭവങ്ങളാണ്. ഡോക്ടറുടെ വാക്കുകളിൽ പറഞ്ഞാൽ, ഒരു നിമിഷം കൊണ്ട് ലോകമാകെ മാറിയ പോലെ. ആ പന്ത്രണ്ട് ദിവസങ്ങളെ കുറിച്ച് ചോദിച്ചാൽ ഇനിയും വാചാലനാകും. മുപ്പത്തിമൂന്നാമത്തെ വയസിൽ കിട്ടിയ ഈ അനുഭവത്തെ അദ്ദേഹം ഹൃദയത്തോടാണ് ചേർത്ത് വയ്ക്കുന്നത്.
''കേരളം എനിക്ക് സ്വർഗമാണ്, ജീവിതവും കരിയറുമൊക്കെ തിരിച്ചു തന്നത് ഈ നാടും നാട്ടുകാരുമാണെന്ന്"" ഡോ. നരേഷ് വീണ്ടും പറയുമ്പോൾ ഒരു പിണക്കം അലിയിച്ചു കളഞ്ഞതിന്റെ നന്ദി കൂടിയുണ്ട് ആ വാക്കുകളിൽ.