1918- ലെ സ്‌പാനിഷ് ഫ്ളൂവിനു ശേഷം ലോകത്തെയാകെ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ് കൊവിഡ്. ഏതാണ്ട് 50 കോടിയോളം പേരാണ് സ്‌പാനിഷ് ഫ്ളൂവിന്റെ നരകയാതന അനുഭവിച്ചത്. ലോകമാകെ കൊവിഡ് അനിയന്ത്രിതമായി പടർന്നു പിടിക്കുമ്പോൾ ഭീതി തോന്നുന്നു.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പനുസരിച്ച് ഇന്നേക്ക് എട്ടുലക്ഷത്തോളം കൊവിഡ് രോഗികൾ ഇന്ത്യയിൽ ഉണ്ടാകേണ്ടതാണ്. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൃത്യവും കാര്യക്ഷമവുമായ ഇടപെടലുകളിലൂടെ നാം കൊവിഡിനെ വലിയൊരു അളവുവരെ നിയന്ത്രിച്ചു. ഇംഗ്ലീഷ് കവി ലോർഡ് ബൈറൺ പറഞ്ഞത് ഓർമ്മ വരുന്നു: 'പ്രത്യാശ ഇല്ലായിരുന്നെങ്കിൽ ഭാവി നരകമാകുമായിരുന്നു!' തീർച്ചയായും ഈ പോരാട്ടത്തിൽ വിജയിക്കാൻ നമുക്കു കഴിയും. 70 ദിവസത്തെ അടച്ചുപൂട്ടലിനു ശേഷം ഉയർന്നുവന്ന ചൈനയെക്കുറിച്ചുള്ള വാർത്ത സന്തോഷകരമാണ്. എന്നാൽ, ഇന്ത്യയിൽ നീളുന്ന അടച്ചുപൂട്ടൽ സൃഷ്‌ടിച്ചേക്കാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.
പ്രതിദിന വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കിയിരുന്ന നിർദ്ധനരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നാം കാണണം. ഇപ്പോഴത്തെ അടച്ചുപൂട്ടൽ ഒരു പരിഹാരമായി തോന്നുന്നില്ല. കൊവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയ ആളുകൾക്ക് മാത്രമെ ക്വാറന്റൈനിന്റെ ആവശ്യമുള്ളൂ. അവരെ മാത്രം കർക്കശമായ നിരീക്ഷണത്തിൽ വയ്‌ക്കുന്നതിനു പകരം ആ പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങളെ മുഴുവൻ ദുരിതത്തിലാക്കുന്ന അടച്ചുപൂട്ടൽ പ്രായോഗിക മാർഗമായി എനിക്കു തോന്നുന്നില്ല.
ജില്ലാ അടിസ്ഥാനത്തിലുള്ള ഒരു ക്വാറന്റൈൻ കേന്ദ്രം എത്രയുംവേഗം ആരംഭിക്കണം. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താം. ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കണം. നിരീക്ഷണം വേണ്ടവരെ, കൃത്യമായ സാമൂഹിക അകലം പാലിച്ച് കഴിയാൻ അവിടേയ്‌ക്കു മാറ്റണം. തെരുവുകളും പ്രദേശങ്ങളും മൊത്തമായി അടച്ചിടുന്നത് ഇതുവഴി ഒഴിവാക്കാം. ക്വാറന്റൈൻ കാലാവധി തീരുമ്പോൾ ഡോക്‌ടറുടെ സർട്ടിഫിക്കറ്റോടെ ഇവരെ വീടുകളിലേക്ക് തിരിച്ചയക്കാം. കൊവിഡ് സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ വീടുകളും സന്ദർശിച്ച് ആരോഗ്യപ്രവർത്തകർ സ്ഥിതി വിലയിരുത്തണം. ഇത്തരം പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തണം.
തിരിച്ചുവരുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കായും ഒരുമാസത്തെ നിർബന്ധിത ക്വാറന്റൈൻ കേന്ദ്രം സജ്ജീകരിക്കണം. കഴിവുള്ളവരിൽ നിന്ന് അതിനായി ന്യായമായ തുക ഈടാക്കാവുന്നതാണ്. ഇത്തരത്തിൽ വ്യക്തവും കാര്യക്ഷമവുമായ പ്രവർത്തന പദ്ധതികൾ ഉടൻ നടപ്പാക്കിയില്ലെങ്കിൽ അടുത്തകാലത്തൊന്നും ഈ മഹാമാരിയെ നിയന്ത്രിക്കാനാവില്ല. സമ്പൂർണ അടച്ചിടൽ മൂലം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രയാസങ്ങൾ അകറ്രാൻ അടിയന്തര നടപടി ഉണ്ടാകണം.