വാഷിംഗ്ടൺ: കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയ്‌ക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറസിന് കാരണം വുഹാനിലെ പരീക്ഷണശാലയാണെന്നും, തന്റെ കൈവശം വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയാണ് പൊട്ടിത്തെറിയുടെ ഉറവിടമെന്ന് കാണിക്കുന്ന തെളിവുകൾ എന്താണെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും,'എനിക്ക് അത് നിങ്ങളോട് പറയാൻ കഴിയില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു' അമേരിക്കൻ പ്രസിഡന്റിന്റെ മറുപടി. ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്തിയേക്കുമെന്ന സൂചനയും ട്രംപ് നൽകി.
ലോകത്താകമാനം കൊവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ മരിച്ചു. മുപ്പത് ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങളും രോഗികളും റിപ്പോർട്ട് ചെയ്തത്. അറുപതിനായിരത്തിൽ കൂടുതലാളുകളാണ് യു.എസിൽ മരിച്ചത്. പത്ത് ലക്ഷത്തിലധികം രോഗബാധിതരുമുണ്ട്. കൊവിഡിന് പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിക്ക രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥ താറുമാറായി. യു.എസിൽ ഉൾപ്പെടെ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു.