ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമർശനവുമായിവിരമിച്ച ജസ്റ്റിസ് മദൻ.ബി.ലോക്കൂർ. കൊവിഡ് കാലത്തെ കോടതിയുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സുപ്രീംകോടതി ഭരണഘടനാപരമായ ചുമതലകൾ തൃപ്തികരമായി നിറവേറ്റുന്നില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ കോടതി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് പ്രവർത്തിച്ചതിനെക്കാൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീം കോടതി നിലപാട് നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളും ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹർജികളും വാദം കേൾക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മദൻ ബി ലോക്കൂർ കുറ്റപ്പെടുത്തി.