ന്യൂഡൽഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള രണ്ടാം സാമ്പത്തിക പാക്കേജിലെ ചില നടപടികൾ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാകുക. ഒറ്റയടിക്ക് വന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാതെ വിവിധ മേഖലകളിലെ പ്രതിസന്ധികള്‍ പ്രത്യേകം പരിഗണിച്ച് ഘട്ടംഘട്ടമായി ആശ്വാസ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത് എന്നാണ് വിവരം.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 11.2 ലക്ഷം കോടി രൂപയുടെ സഹായം പ്രഖ്യാപിക്കണമെന്നാണ് വിലയിരുത്തല്‍. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കായി നാല്‍പതിനായിരം കോടി രൂപയുടെ ഫണ്ട് നല്‍കുന്നതും കേന്ദ്ര പരിഗണനയിലുണ്ട്.