pic

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സാമ്പിളുകളിൽ രണ്ട് പരിശോധനാ ഫലം വന്നത് ആരോഗ്യ വകുപ്പിന് തലവേദന സൃഷ്ടിക്കുന്നു. ഒരിടത്ത് പോസിറ്റീവും മറ്റൊരിടത്ത് നെഗറ്റീവ് റിസൾട്ടുമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് പരിശോധിച്ച സാമ്പിളിലാണ് രണ്ട് വ്യത്യസ്ത ഫലങ്ങൾ ആരോഗ്യ വകുപ്പിന് ലഭിച്ചത്. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് നേരത്തെ ചികിത്സയിൽ ആയിരുന്ന വർക്കല സ്വദേശിക്കും ഇപ്പോൾ ചികിത്സയിൽ ഉള്ള രണ്ടുപേരുടെയും സാമ്പിളുകളിലാണ് വ്യത്യസ്ത ഫലം വന്നത്. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പോസിറ്റിവ് ആയവർക്ക് രോഗം ഇല്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേ പരിശോധന ഫലം പറയുന്നു.

രണ്ട് പരിശോധനകളും നടന്നത് ഒരേ ദിവസമാണെന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് നോക്കി കാണുന്നത്. നെഗറ്റിവ് ആയ ആളുടെ ഫലം പോസിറ്റിവ് ആയി കാണിക്കുന്നത് അപൂർവമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി വ്യക്തമാക്കി. തങ്ങളുടേത് ജർമ്മൻ സാങ്കേതിക വിദ്യയാണെന്നും അവർ വിശദീകരിക്കുന്നുണ്ട്.