pic

ലോക്ഡൗൺ കാലത്ത് ആരാധകരോട് സംസാരിക്കാൻ ആദ്യമായി നടിയും നർത്തകിയുമായ ശോഭന ഫെയ്സ്ബുക്ക് ലൈവിൽ എത്തി. നൃത്തത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഒരുമണിക്കൂർ നീണ്ട ലൈവിലൂടെ മറുപടി നല്‍കുകയാണ് ശോഭന ചെയ്തത്. സിനിമകള്‍ ചെയ്യാന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് ഇടയ്ക്ക് സിനിമ വിടുന്നതും. സിനിമയിലെ സുഹൃത്തുക്കളായാലും പ്രേക്ഷകരായാലും ഇതുവരെ നല്ലപോലെ തന്നെ വളര്‍ത്തി വലുതാക്കിയിട്ടുണ്ട്. ആ കംഫര്‍ട്ട് ലെവലില്‍ തുടരാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ഇടയ്ക്ക് മാത്രം സിനിമ ചെയ്യുന്നതെന്നും ശോഭന പറഞ്ഞു.

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത്,​ തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് താരം പരാമർശിച്ചു.തേൻമാവിൻ കൊമ്പത്ത് താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വിഡിയോയിൽ വെളിപ്പെടുത്തി.മമ്മൂക്ക എപ്പോഴും സീനിയർ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും. മോഹൻലാലിനൊപ്പമുള്ള അടുത്ത സനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കട്ടേയെന്നുമായിരുന്നു മറുപടി. തിലകനാണ് മലയാളത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടനെന്നും ശോഭന പറയുന്നു.

സംവിധാനം ചെയ്യണമെന്നുള്ളതും ഓണ്‍ലൈന്‍ നൃത്ത ക്ലാസ്സുകള്‍ ആരംഭിക്കണമെന്നതും തന്റെ സ്വപ്‌നമാണെന്നും ശോഭന പറഞ്ഞു.ഇഷ്‍ടപ്പെട്ട സംവിധായകൻ ആരാണെന്ന് ചോദ്യത്തിന് ഭരതൻ എന്നായിരുന്നു മറുപടി.