ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1993 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,043 ആയി ഉയർന്നതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,147 ആയി. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. ഇതുവരെ 8,889 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 10,498 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ ഏഴായിരത്തോളം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബയിൽ നിന്നാണ്. 459 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. 1773 പേർ സുഖം പ്രാപിച്ചു. ഗുജറാത്തില്‍ 4395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 613 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍, 214 പേര്‍ മരിച്ചു. ഡല്‍ഹി -315 മദ്ധ്യപ്രദേശ് -2660, രാജസ്ഥാന്‍ - 2584, തമിഴ്‌നാട് - 2323 എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച കേസുകള്‍.
കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി രണ്ടു ദിനം മാത്രമേ ബാക്കിയുള്ളു. ലോക്ക് ഡൗൺ ഇളവുകളോടെ നീട്ടിയേക്കുമെന്നാണ് സൂചന. രാജ്യത്തെ 130 ജില്ലകളെ റെഡ്സോണില്‍ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതുക്കിയ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് കോട്ടയവും കണ്ണൂരുമാണ് റെഡ്സോണ്‍ ജില്ലകൾ.