isolation-

ഇടുക്കി: കൊവിഡ് സംശയിച്ച് തൊടുപുഴയിൽ ആശുപത്രിയിലാക്കിയ രണ്ട് പേരെ വീട്ടിലേക്ക് വിട്ടു. തൊടുപുഴ നഗരസഭാംഗത്തെയും ജില്ല ആശുപത്രിയിലെ നഴ്സിനെയുമാണ് വിട്ടയച്ചത്. ഇവർക്കൊപ്പം ആശുപത്രിയിലാക്കിയ നാരകക്കാനം സ്വദേശിയെ വിട്ടയക്കുന്നതിൽ മെഡിക്കൽ ബോ‍ർഡ് ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് ചേർന്ന് തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഗരസഭാംഗത്തെയും നഴ്സിനെയും വീട്ടിലേക്ക് വിട്ടത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യപ്രവ‍ർത്തകരും കൗൺസിലർമാരും അടക്കമുള്ളവരെ നീരീക്ഷണത്തിൽ നിന്ന് മാറ്റി. ഇവർ രണ്ട് പേരും ബംഗളൂരുവിൽ നിന്നെത്തിയ നാരകക്കാനം സ്വദേശിയും കൊവിഡ് പോസിറ്റീവാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി ജില്ല കളക്ടർ അറിയിച്ചത്. എന്നാൽ തുടർ പരിശോധനയ്ക്ക് ശേഷം അറിയിക്കാമെന്നായിരുന്നു മുഖ്യമന്ത്രി രണ്ട് ദിവസം മുമ്പ് പറഞ്ഞത്. ശേഷം ഇവരുടെ പരിശോധനഫലം നെഗറ്റീവാകുകയും മുഖ്യമന്ത്രി ഇന്നലെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.