ന്യൂഡൽഹി: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യത്തെ സ്പെഷ്യൽ നോൺസ്റ്റോപ്പ് ട്രെയിൻ എറണാകുളത്ത് നിന്ന് ഇന്ന് യാത്ര തിരിക്കും. വൈകുന്നേരം ആറ് മണിയ്ക്ക് എറണാകുളത്ത് നിന്ന് ഒഡീഷാ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെടും.
ഒരു കോച്ചിൽ സുരക്ഷിത അകലം പാലിച്ച് 54 പേർ വീതം 1200 തൊഴിലാളികളെയാണ് കൊണ്ടു പോകുന്നത്. യാത്ര ചെയ്യേണ്ട തൊഴിലാളികളെ ജില്ലാ ഭരണകൂടങ്ങൾ നിശ്ചയിക്കും.എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്ട്രേഷൻ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളില്ലാത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള രണ്ടാമത്തെ ട്രെയിനാണിത്. ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ ഇന്ന് രാവിലെ തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് പുറപ്പെട്ടു.1200 പേരാണ് അതിലുള്ളത്. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.