pic

ന്യൂ‌ഡൽഹി : കൊവിഡ് വ്യാപനം തടയുന്നതിന് എടിഎമ്മുകൾക്കായി പുതിയ സംവിധാനം ഏർപ്പെടുത്തി. പുതിയ ചട്ടമനുസരിച്ച്, എല്ലാ ഉപയോഗത്തിനും ശേഷവും എടിഎം അണുബാധയില്ലാതാക്കാൻ വൃത്തിയാക്കും. ഉത്തർപ്രദേശിലെ ഗാസിയാബാദിലും തമിഴ്‌നാട്ടിൽ ചെന്നൈയിലും ഇത് ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഹോട്ട് സ്പോട്ടുകളിലുളള എ ടി എമ്മുകൾ മുനിസിപ്പൽ കോർപ്പറേഷൻ ദിവസത്തിൽ രണ്ടുതവണ വൃത്തിയാക്കുന്നുണ്ട്. ശുചിത്വ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ, എടിഎം ചേമ്പറുകൾ അടയ്ച്ചു പൂട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ നിന്നും കമ്യൂട്ടേഷൻ തിരഞ്ഞെടുത്തവർക്ക് മെയ് മുതൽ പൂർണ്ണ പെൻഷൻ നൽകി തുടങ്ങും. 2008 സെപ്റ്റംബര്‍ 26 ന് മുമ്പ് റിട്ടയര്‍ ചെയ്ത ഇപിഎഫ്ഒ അംഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതോടെ 2005 ഏപ്രില്‍ 1ന് റിട്ടയര്‍ ചെയ്തവര്‍ക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ 2020 ഏപ്രില്‍ 1 മുതല്‍ ഉയര്‍ന്ന പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കും. മെയ് മുതല്‍ ഇവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ഇപിഎഫ്ഒ ലഭ്യമാക്കി തുടങ്ങും. 6.3 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കൊവിഡ് കാരണം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സർക്കാരിനു ഇതുമൂലം 1,500 കോടി രൂപ അധിക ചിലവ് വരും. കമ്യൂട്ടേഷന്‍ ആനുകൂല്യം നേടിയവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരിയിലാണ് സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്. എന്നാൽ നിലവിലെ ഇപിഎഫ് നിയമം അനുസരിച്ച് ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് കമ്യൂട്ടേഷന്‍ സൗകര്യം ലഭ്യമാകില്ല.