pic

ചെന്നൈ: ചെന്നൈ കോർപ്പറേഷനിലെ 19 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കാണ് കൊവിഡ്. കൂടുതൽ പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടയിൽ 161 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323 ആയി. റിപ്പോർട്ട് ചെയ്യപ്പെട്ട 161 കേസുകളിൽ 138 ഉം ചെന്നൈയിൽ നിന്നാണ്.81 വയസ്സുള്ള വയോധികനും രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ചവരിൽ 98 ശതമാനം ആളുകൾക്കും രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത.

ചെന്നൈയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ദിവസത്തിനിടെ മുന്നൂറലധികം ആളുകള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1035 പേരിലാണ് സജീവ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. പരിശോധന നടത്തിയവരിൽ 1,15,761 പേരുടെ ഫലവും നെഗറ്റീവാണ്. തമിഴ്നാട്ടിൽ‌ പല പ്രദേശങ്ങളും കണ്ടൈൻമെന്റ് ഏരിയകളായി തിരിച്ചിരിക്കുകയാണ്.1,258 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.