കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചത്. ലോക്ക് ഡൗണിനിടയിലും സംസ്‌കാര ചടങ്ങിൽ ബോളിവുഡ് നടിയും റൺബീറിന്റെ കാമുകിയുമായ ആലിയ ഭട്ട് എത്തിയിരുന്നു. ചടങ്ങിലുടനീളം ആലിയ ഫോൺ പിടിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ആലിയ ഫോൺ ഉപയോഗിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്ത വൃത്തങ്ങൾ. അവസാനമായി അച്ഛനെ ഒരു നോക്ക് കാണാൻ റൺബീറിന്റെ സഹോദരി റിദ്ദിമ കപൂർ സാഹ്‌നിക്ക് അവസരമൊരുക്കുകയായിരുന്നു ആലിയ ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയ റിദ്ദിമ ബുധനാഴ്ച രാത്രി ഋഷിയുടെ ആരോഗ്യ നില വഷളായത് അറിഞ്ഞയുടൻ ചാർട്ടേഡ് വിമാനത്തിൽ യാത്രയ്‌ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയയെങ്കിലും ലഭിച്ചില്ല.
ഇന്നലെ അന്ത്യം സംഭവിച്ച ശേഷം രാവിലെ 10.45ന് റോഡ് മാർഗം യാത്രയ്ക്ക് റിദ്ദിമയടക്കം അഞ്ചു പേർക്ക് ഡൽഹി പൊലീസ് അനുമതി നൽകുകയായിരുന്നു. എന്നാൽ സംസ്കാര ചടങ്ങുകൾക്ക് അവർക്ക് എത്താൻ കഴിഞ്ഞില്ല. ആലിയയുടെ ഫോണിലൂടെയാണ് അച്ഛനെ യാത്രയയക്കുന്ന ചടങ്ങ് ആ മകൾ കണ്ടത്. 15 മണിക്കൂറിലെറെ യാത്ര ചെയ്‌ത് രാത്രി വൈകിയാണ് അവരെത്തിയത്. ഋഷിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്നലെ വൈകിട്ട് 4ന് ആരംഭിച്ചിരുന്നു.