ന്യൂഡല്‍ഹി: മേയ് മൂന്നിന് അവസാനിക്കാനിരുന്ന ലോക്ക്ഡൗൺ കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ച കൂടി ഇന്ന് നീട്ടിയിരുന്നു.. മേയ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടയത്. എന്നാൽ ഇത്തവണ ലോക്ക്ഡൗൺിൽ ഓറഞ്ച്, ഗ്രീൻ മേഖലകളിൽ സർക്കാട ഇളവുകൾ അനുവദിച്ചിട്ടുണ്ട്.. അതേസമയം റെഡ് സോണിൽ കർശന നിയന്ത്രണങ്ങൾ തുടരും. പൊതുഗതാഗതം ഉണ്ടാവില്ല. വ്യോമ, റെയില്‍, മെട്രോ, റോഡ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത് തുടരും.
ഇന്നുവരെ കൊവിഡ് കേസുകള്‍ ഒന്നുമില്ലാത്തതോ കഴിഞ്ഞ 21 ദിവസങ്ങള്‍ക്കിടയില്‍ രോഗം സ്ഥിരീകരിക്കാത്തതോ ആയ ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുക. സജീവമായ കേസുകളുടെ എണ്ണം, കേസുകള്‍ ഇരട്ടിക്കുന്നതിന്റെ നിരക്ക്, പരിശോധനയുടെ വ്യാപ്തി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റെഡ് സോണുകളെ തരംതിരിക്കുന്നത്. ഗ്രീന്‍, റെഡ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവാത്ത ജില്ലകളെ ഓറഞ്ച് സോണുകളാക്കും.
മുന്‍പ് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍നിന്നും വ്യത്യസ്തമായി ഇത്തവണ മൂന്ന് സോണുകളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നുണ്ട്.
റെഡ് സോണില്‍ അനുവദിക്കുന്നവ
എം.എന്‍.ആര്.ഇ.ജി.എ പ്രവൃത്തികള്‍ ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വ്യാവസായിക, നിര്‍മാണ പ്രവര്‍ത്തനങ്ങളും, ഭക്ഷ്യസംസ്കരണ യൂണിറ്റുകളും ഇഷ്ടിക ചൂളകളും അനുവദനീയമാണ്.
വിത, വിളവെടുപ്പ്, സംഭരണം, വിപണനം തുടങ്ങി എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും അനുവദിക്കും.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഉള്‍നാടന്‍, സമുദ്ര മത്സ്യബന്ധനം എന്നിവയും അനുവദിക്കും.
വിപണനം ഉള്‍പ്പെടെ തോട്ടം മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അനുവദനീയമാണ്.
എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉള്‍പ്പെടെ) അനുവദിക്കും.
ബാങ്ക്, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
പൊതുസംവിധാനങ്ങളായ വൈദ്യുതി, ജലം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് എന്നിവ പ്രവര്‍ത്തിക്കും. കൂടാതെ കൊറിയര്‍, പോസ്റ്റല്‍ സേവനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഐടി, ഐടി സേവനങ്ങള്‍, കോള്‍ സെന്ററുകള്‍, കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസിംഗ് സേവനങ്ങള്‍, ബാര്‍ബര്‍മാര്‍ ഒഴികെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവയും അനുവദിക്കും.അവശ്യസാധനങ്ങളുടെ നിര്‍മാണ യൂണിറ്റുകളും ഉണ്ടാകും.
ഓറഞ്ച് സോണ്‍
റെഡ് സോണുകളില്‍ അനുവദിക്കപ്പെട്ടവയും അതിന് പുറമെ ഏതാനും ഇളവുകളുമാണ് നല്‍കുന്നത്.
ടാക്സികള്‍ അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ പാടുള്ളു.
നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ കൂടാതെ പരമാവധി രണ്ട് യാത്രക്കാര്‍. ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം. മുന്‍കൂര്‍ അനുമതിയോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് വാഹനങ്ങളുടെ അന്തര്‍ ജില്ലാ യാത്രകളും അനുവദിക്കും.
ഗ്രീന്‍ സോണ്‍
ഗ്രീന്‍ സോണില്‍ റെഡ്, ഓറഞ്ച് സോണുകളിലെ ഇളവുകള്‍ക്ക് പുറമെ പൊതുഗതാഗതം അനുവദിക്കും.
ബസുകളില്‍ 50 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താം. ഡിപ്പോകളിലും 50 ശതമാനം സര്‍വീസുകള്‍ നടത്താം.
ചരക്ക് ഗതാഗതവും പാസില്ലാതെ അനുവദിക്കും.