സിയോൾ: മസ്തിഷ്ക മരണം സംഭവിച്ചു എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കവേ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പൊതുവേദിയിൽ എത്തിയതായി റിപ്പോർട്ട്. പ്യോംഗ്യാങ്ങിലെ വളം നിർമാണ ഫാക്ടറി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹമെത്തി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊറിയൻ സെൻട്രൽ വാർത്ത ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഴ്ചകൾക്ക് ശേഷമാണ് കിം ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.സഹോദരി കിം യോ ജോംഗിനും ഉപദേശകർക്കുമൊപ്പമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും, വളം നിർമാണ ഫാക്ടറി നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന കിമ്മിന്റെ ചിത്രം വാർത്ത ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
കിം ജോങ് ഉൻ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് അതീവ ഗുരുതരവസ്ഥയിലാണെന്നും, മസ്തിഷ്ക മരണം സംഭവിച്ചുവെന്നും, ഉത്തരകൊറിയന്‍ ഏകാധിപതിയായി അധികാരമേല്‍ക്കാന്‍ ഇളയ സഹോദരി കിം യോ ജോംഗ് തയ്യാറാണെന്നുമൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏപ്രിൽ 11 ന് ശേഷം കിമ്മിനെ പൊതുവേദികളിൽ കണ്ടിട്ടില്ല. ഏപ്രിൽ 15 ന് ഉത്തര കൊറിയയുടെ സ്ഥാപക പിതാവും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇൽ സൂംഗിന്റെ ജന്മവാർഷിക ദിനാഘോഷങ്ങളിൽ നിന്ന് ആദ്യമായി കിം വിട്ടുനിന്നു. ഇതോടെയാണ് കിം രോഗക്കിടക്കയിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.