pic

ന്യൂഡൽഹി: ലോക്ക് ഡൗൺ ഈ മാസം പതിനേഴുവരെ നീട്ടിയതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ചില സംസ്ഥാനങ്ങൾ അതിർത്തികൾ അടയ്ക്കുകയും ചെയ്തു.ഉത്തർപ്രദേശും ഹരിയാനയും അതിർത്തികൾ അടച്ചതോടെ രാജ്യതലസ്ഥാനമായ ഡൽഹി ഒറ്റപ്പെട്ട അവസ്ഥയിലായി. ഒരാളെയും അതിർത്തികടത്തില്ലെന്നാണ് ഹരിയാനയുടെ നിലപാട്. എന്നാൽ ഉത്തർപ്രദേശ് അതിർത്തി കടക്കാൻ പ്രത്യേക കർഫ്യൂപാസ് ഏർപ്പെടുത്തി. ഡൽഹിയിൽ എല്ലാ ജില്ലകളും റെഡ് സോണിൽ വന്നതിന് തൊട്ടുപിന്നാലെയാണ് അയൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചത്.


ഗുരുഗ്രാമം, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിർത്തികൾ വഴിയാണ് ഡൽഹിയിൽ നിന്നുള്ള അന്തർസംസ്ഥാന ഗതാഗതം.ഡൽഹിയിലേക്കോ, ഡൽഹിക്ക് പുറത്തേക്കോ ആരെയും കടത്തിവിടേണ്ടെന്നാണ് ഹരിയാന സർക്കാരിന്റെ തീരുമാനം. പൊലീസുകാർക്കും ഡോക്ടർമാർക്കും ഇക്കാര്യത്തിൽ ഇളവു നൽകേണ്ടെന്നാണ് സർക്കാർ തീരുമാനം.ഉത്തർപ്രദേശിൽ ആരോഗ്യപ്രവർത്തകർക്കടക്കം കർഫ്യൂ പാസ് നിർബന്ധമാക്കിയിരിക്കുകയാണ്.

ഡൽഹിയിൽ ജോലി ചെയ്യുന്നതിൽ ഏറിയ പേരും താമസിക്കുന്നത് ഗുരുഗ്രാമം , നോയിഡ മേഖലകളിലാണ്. അതിർത്തികൾ അടച്ചതോടെ അവശ്യസേവനങ്ങളുടെ ഭാഗമായി പോലും ഇവർക്ക് യാത്ര ചെയ്യാനാകില്ല. ചരക്ക് വാഹനങ്ങൾക്ക് നിർബന്ധമാക്കിയിരുന്ന പ്രത്യേക പാസ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടർന്ന് ഇരുസംസ്ഥാനങ്ങളും പിൻവലിച്ചു. ഈ സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്തണ്രങ്ങൾ ഏർപ്പെടുത്താൻ നീക്കുമുണ്ടെന്നും റിപ്പോർട്ടുണ്ട്.