കൊവിഡ് വ്യാപനത്തില്‍ ലോകം മുഴുവൻ ഭയന്ന് നിൽക്കുന്ന സാഹചര്യത്തിൽ സഹായിക്കാനാരുമില്ലാതെ കഴിയുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഗ്രേറ്റ തുന്‍ബര്‍ഗ് നടത്തുന്ന ക്യാംപയിന് പിന്തുണ അറിയിച്ച് നടി പ്രിയങ്ക ചോപ്ര. പതിനേഴുകാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് യുണിസെഫുമായി ചേര്‍ന്ന് സഹകരിച്ചാണ് ക്യാംപയിന്‍ നടത്തുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകയും സ്വീഡിഷ് വിദ്യാര്‍ത്ഥിനിയുമായ ഗ്രേറ്റ തുന്‍ബര്‍ഗ് കഴിഞ്ഞ ദിവസമാണ് 10000 യു.എസ് ഡോളര്‍ ഏകദേശം (75 ലക്ഷം രൂപ) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ക്കായുള്ള യു.എന്‍ ശാഖയായ യുനിസെഫിന്റെ ഫണ്ടിലേക്ക് നല്‍കിയത്. ഒരു സന്നദ്ധ സംഘടനയില്‍ നിന്നും ലഭിച്ച സമ്മാന തുകയാണ് ഗ്രേറ്റ യുണിസെഫിന് കൈമാറിയത്.
കുട്ടികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ച് നടത്തുന്ന കാമ്പയിന് പിന്തുണ അറിയിച്ച് പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ അസുഖത്തിന്റെ പിടിയിലാകുന്നത് ഹൃദയഭേദകമായ കാര്യമാണെന്നായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.
'കരുതലില്ലാതെ കഴിയുന്ന കുട്ടികള്‍ ലോകം മുഴുവനുമുണ്ട്. കോവിഡ് കാരണം അവര്‍ക്ക് ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നു, എത്ര വിഷമകരമാണ് ആ അവസ്ഥ. ഭക്ഷ്യക്ഷാമം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ കുറവ്, അക്രമണം, നഷ്ടപ്പെടുന്ന വിദ്യാഭ്യാസം ഇതെല്ലാം അവര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നാം അവരെ സംരക്ഷിക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്തം നമ്മുടെ മേലാണ്.' പ്രിയങ്ക ട്വീറ്റ് ചെയ്തു.