ch

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഇളവുകളിലും നിയന്ത്രണങ്ങളിലും ഇന്ന് അന്തിമ തീരുമാനമെടുക്കും.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതിൽ ചേരുന്ന ഉന്നതതല സമിതിയോഗത്തിലായിരിക്കും തീരുമാനം. ഇൗമാസം 15 വരെ ഭാഗിക ലോക്ക് ഡൗൺ വേണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. രണ്ട് ദിവസം കൂടി നിയന്ത്രണങ്ങൾ തുടരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സോണുകളിൽ മാറ്റം വരുത്താതെയും പൊതു മാനദണ്ഡങ്ങൾ പാലിച്ചുമാകും സംസ്ഥാനത്തെ തീരുമാനങ്ങൾ എന്നാണ് കരുതുന്നത്.


അതസമയം മദ്യ വിൽപ്പന കേന്ദ്രങ്ങൾ തുറക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിലെ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. മദ്യം ഓൺലൈനായി കൊടുക്കുന്നതിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ബാറുകൾ തുറക്കുന്നതിൽ തീരുമാനം പിന്നീടെന്നും മന്ത്രി പറഞ്ഞു.ബാറുകളിൽ പാഴ്സൽ അനുവദിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ജില്ലാ ഭരണകൂടങ്ങൾക്കായിരിക്കുമെന്ന് കേന്ദ്രം പറയുന്നത്. നിലവിലെ സാഹചര്യം പരിശോധിച്ചാണ് ജില്ല ഭരണകൂടങ്ങൾ മദ്യശാലകൾ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത്.


സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ് കൂടിയായ സാഹചര്യത്തിൽ മദ്യവിൽപനയിൽ പെട്ടെന്ന് തീരുമാനമുണ്ടാകും എന്നാണ് കരുതുന്നത്.മിക്കവാറും തിങ്കളാഴ്ചയോടെ മദ്യവില്പനശാലകൾ തുറന്നേക്കും. അതേസമയം, റെഡ് സോണിലും ഹോട്ട് സ്പോട്ടുകളിലും അനുമതി ഉണ്ടാകാനിടയില്ല. ഗ്രീൻസോണുകളിൽ നിയന്ത്രണങ്ങളോടെ ബസ് സർവീസ് ആകാമെങ്കിലും സംസ്ഥാനം തീരുമാനമെടുക്കാനിടയില്ല. പകുതി യാത്രക്കാരെ വച്ചുള്ള സർവീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസുടമകൾ നേരത്തേ അറിയിച്ചിട്ടുണ്ട്.ഇപ്പോൾത്തന്നെ വൻ കടക്കെണിയിലായ കെ.എസ്.ആർ.ടി.സിയും സർവീസ് നടത്താൻ മുതിർന്നേക്കില്ല.