pic

കണ്ണൂർ: ലോക്ക്ഡൗണിനോടനുബന്ധിച്ച് വ്യാജമദ്യം ഒഴുകുന്നതോടെ എക്സൈസ് റെയ്ഡ് സജീവമാക്കി. ഇന്നലെ നാലിടത്ത് നിന്ന് മദ്യവും വാറ്റാനായി ഒരുക്കിയ വാഷും കണ്ടെത്തി. പയ്യന്നൂർ കോറോം എൻജിനിയറിംഗ് കോളേജിന്റെ പരിസരത്തുള്ള കാനായി കാനം റോഡരികിലെ കുറ്റിക്കാട്ടിനിടയിൽ നിന്നും നൂറ് ലിറ്റർ വാഷാണ് കണ്ടെത്തിയത്. പയ്യന്നൂർ എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ വി. മനോജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. ഖാലിദ്, വി.വി ഷിജു, എ.വി സജിൻ എന്നിവരും ഉണ്ടായിരുന്നു.

തലശ്ശേരി പാതിരിയാട് കുണ്ടൻ ചിറയിൽ ഉടമസ്ഥനില്ലാതെ ഇരുമ്പ് ബാരലിൽ സൂക്ഷിച്ച 50 ലിറ്റർ വാഷ് കണ്ടെടുത്തു. തലശ്ശേരി റെയ്ഞ്ചിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.കെ പ്രസന്നയുടെ നിർദ്ദേശ പ്രകാരം കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ സി.ഇ.ഒ മാരായ ജിനേഷ് നരിക്കോടൻ, കെ. നിവിൻ എന്നിവരും ഉണ്ടായിരുന്നു.

പിണറായി മാങ്ങാട്ടിടം വട്ടിപ്രത്ത് 200 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ ബി. നസീറിന്റെ നേതൃത്വത്തിലുള്ള റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) യു. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ. ലിമേഷ്, എം. ബിജേഷ്, ശരത്ത് എന്നിവരും ഉണ്ടായിരുന്നു.

കൂത്തുപറമ്പ് ആമ്പിലാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 60 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

മൂര്യാട് അയോദ്ധ്യനഗർ ഭാഗത്ത് ചാരായ വാറ്റും വിൽപനയും നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തിരച്ചിൽ നടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് വാറ്റുകാരനായ മുരിക്കോളി ഹൗസിൽ ചന്ദ്രബാനു ഓടി രക്ഷപ്പെട്ടു. ഇയാളിൽ നിന്നും 2 ലിറ്റർ ചാരായം കണ്ടെടുത്തു.

റെയിഞ്ച് ഇൻസ്‌പെക്ടർ കെ.പി പ്രമോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫിസർ പി. പ്രമോദന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ലോക് ഡൗൺ കാലയളവിൽ 3800 ലിറ്ററോളം വാഷും 11 ലിറ്റർ ചാരായവും കൂത്തുപറമ്പ് എക്‌സൈസ് പിടികൂടിയിട്ടുണ്ട്.