വാഷിംഗ്ടൺ: കൊവിഡിന് ആന്റി വൈറൽ മരുന്നായ റെംഡെസിവിറിസ് ഫലപ്രദമാണെന്ന് അമേരിക്കയുടെ കണ്ടെത്തൽ. ഈ മരുന്ന് നൽകിയ കൊവിഡ് രോഗികൾ വേഗത്തിൽ സുഖം പ്രാപിച്ചതായി വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് പറഞ്ഞു.കൊവിഡ് ബാധിതർക്ക് ഈ മരുന്ന് നൽകാൻ അംഗീകാരം നൽകിയതായും ട്രംപ് വ്യക്തമാക്കി.
ആദ്യമായാണ് ഒരു മരുന്ന് കൊവിഡിനെതിരെ ഗുണം ലഭിക്കുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് ശരിക്കും പ്രതീക്ഷ നൽകുന്നതാണെന്നും ട്രംപ് പറഞ്ഞു. യു.എസ് കമ്പനിയായ ഗിലെയാദ് നിർമ്മിച്ചതാണ് റെംഡെസിവിർ. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കായുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് ഗിലെയാദ് സി.ഇ.ഒ ഡാനിയേൽ ഓഡേ പറഞ്ഞു.
1.5 കോടി ഡോസുകൾ സൗജന്യമായി നൽകുമെന്ന് ഗിലെയാദ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് 140000 കോഴ്സുകൾ ഉണ്ടാകും. കുത്തിവയ്പ് വഴിയാണ് റെംഡെസിവിർ നൽകുക. പത്ത് ദിവസം തുടർച്ചയായി മരുന്ന് നൽകും. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളായ ചില രോഗികൾക്ക് മരുന്ന് നൽകിയപ്പോൾ മറ്റ് മരുന്ന് നൽകുന്ന രോഗികളേക്കാൾ 31 ശതമാനം വേഗത്തിൽ രോഗമുക്തരായതായാണ് കണ്ടെത്തൽ.