pri

തിരുവനന്തപുരം: നിയന്ത്രണങ്ങളോടെ ബസ് സർവീസ് നടത്താനില്ലെന്ന നിലപാടിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ.ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളോടെ സർവീസുകൾ നടത്തിയാൽ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചിട്ടുണ്ട്. 12,000- ത്തോളം സ്വകാര്യ ബസുകളാണ് ലോക്ക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് സർവീസ് നടത്തിയിരുന്നത്.നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ചാർജ് കൂട്ടണമെന്ന് ബസുടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് നിയന്ത്രണങ്ങളുമായി ബസോടിക്കാനില്ലെന്ന് നിലപാടിലേക്ക് ബസുടമകൾ എത്തിയിരിക്കുന്നത്.ലോക്ഡൗൺ തീർന്നാലും കുറച്ച് കാലത്തേക്ക് യാത്രക്കാർ ബസുകളിൽ കയറാൻ വിമുമഖത കാണിക്കും എന്നാണ് കരുതുന്നത്.
ഇക്കാര്യങ്ങളെല്ലാം മുൻകൂട്ടിക്കണ്ട് ഒരുവർഷത്തേക്ക് സർവീസുകൾ അവസാനിപ്പിക്കാനുള്ള ജിഫോം അപേക്ഷ 70 ശതമാനം സ്വകാര്യ ബസുടമകളും നൽകിയിട്ടുണ്ട്.

ഒരു സീറ്റിൽ ഒരാൾ എന്ന രീതിയലുള്ള സർവീസ് വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തിൽ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സ്വകാര്യബസുടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് വ്യക്തമല്ല.