കാസർകോട് : ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനെന്ന് സ്വയംപരിചയപ്പെടുത്തി സ്ത്രീകൾ മാത്രമുള്ള അടുക്കളയിൽ കയറി അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചതിന് കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, തളങ്കരയിലെ ബുർഹാൻ അബ്ദുല്ലക്ക് എതിരെ ജില്ലാ പൊലീസ് മേധാവിക്ക് വീണ്ടും പരാതി. പള്ളിക്കര ഗ്രാമ പഞ്ചായത്തിനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് കാസർകോട്ടെ ഓൺലൈൻ ചാനലിനെതിരെ കളക്ടർക്കും, ജില്ലാ പൊലീസ് ചീഫിനും പള്ളിക്കര പഞ്ചായത്ത് മുസ്ലീം ലീഗ് നേതൃത്വം പരാതി നൽകിയത്.
29 ന് കോവിഡ് സ്ഥിരീകരിച്ചവരിൽ പള്ളിക്കര പഞ്ചായത്തിൽപെട്ട ആരും ഉണ്ടായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയ വഴി പള്ളിക്കര പഞ്ചായത്തിന്റെ പേരും കൊവിഡ് ബാധിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി ബുർഹാൻ വാർത്ത നൽകി ജനങ്ങളെ ആശങ്കപ്പെടുത്തി എന്നാണ് പള്ളിക്കര മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നത്. കാസർകോട് മുൻസിപ്പൽ കൗൺസിലർ നൽകിയ പരാതിയിൽ ആണ് ബുർഹാനും 21 കാരിക്കും എതിരെ ടൗൺ പൊലീസ് കേസെടുത്തിരുന്നത്. ഇതിൽ അന്വേഷണം നടക്കുകയാണ്.