covid-19

കാസര്‍കോട്: ജില്ലയില്‍ അവസാനം സ്ഥിരീകരിച്ച നാല് പേര്‍ക്ക് രോഗം പകര്‍ന്ന ഉറവിടം ഇനിയും അവ്യക്തം. ഒരു ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകനടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ ഉദുമ സ്വദേശിക്ക് രോഗം പകര്‍ന്നത് ദുബായിയില്‍ നിന്നാകാമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

ദുബായിയില്‍ നിന്നെത്തി 39 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം 100 ഓളം പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വിവരമുണ്ട്. ഇതേ തുടര്‍ന്ന് ഇയാളുടെ അടുത്ത എട്ടു ബന്ധുക്കളുടെയും 12 സുഹൃത്തുക്കളുടെയും സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇയാള്‍ കണ്ടുമുട്ടിയ ഒരു ഡോക്ടറുടെ സാമ്പിളും അധികൃതര്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതേസമയം മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശിക്കും രോഗം പകര്‍ന്ന ഉറവിടം അവ്യക്തമായി തുടരുന്നു. രണ്ട്‌ ദിവസമായി നൂറിലധികം പേരുടെ സാമ്പിളെടുത്തു കഴിഞ്ഞു. അതേസമയം പരിശോധനാഫലം വൈകുന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നു. യുവാവുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പെ്പട്ട എട്ടുപേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന യുവാവിന് ഒട്ടേറെ പേരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

തീരദേശ മേഖലയിലടക്കം യുവാവ് എത്തിയിട്ടുണ്ട്. അമ്പലത്തറ പറക്കളായി ആയ്യുർവ്വേദ കോളേജിന് സമീപത്തെ കോളനിയിൽ ഇയാൾ സ്ഥിരമായി എത്തിയിരുന്നുവെന്ന് പറയുന്നു. അതേസമയം ചെമ്മനാട് പഞ്ചായത്തിലെ 29 വയസ്സുകാരന് രോഗം എവിടെ നിന്നു പകര്‍ന്നുവെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഈ ആളുകളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ശ്രമകരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

ചെങ്കള പഞ്ചായത്തിലെ ഒരിടത്ത് ജോലി ചെയ്യുന്ന ചെമ്മനാട് യുവാവ് രോഗം പടരുന്നതിനിടെ മംഗളൂരുവിലും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ട് എത്തിയിരുന്നതായി ആരോഗ്യവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മാദ്ധ്യമപ്രവര്‍ത്തകന് കൊവിഡ് പകര്‍ന്ന ഉറവിടവും ഇനിയും കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കമുണ്ടായിരുന്ന കളക്ടറുടെ പരിശോധനാഫലം നെഗറ്റിവായിരുന്നു. സമ്പര്‍ക്കമുണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് ഐ.ജി മാരും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. മാദ്ധ്യമപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.