കൊച്ചി :ആശ്വാസത്തിന്റെ പച്ചപ്പിലാണ് എറണാകുളം. എന്നാൽ, കേന്ദ്ര സർക്കാർ ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയെങ്കിലും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലയിൽ തുടരുകയാണ്. ജില്ലയുടെ കോട്ടയം അതിർത്തിയിൽ അച്ച് പൂട്ടി ഏർപ്പെടുത്തിയിട്ടുള്ള കാവൽ പൊലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, നിരത്തിലേക്ക് വാഹനവുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നിരുന്നാലും പൊലീസ് പരിശോധനയ്ക്ക് ഒരു വിട്ട് വീഴ്ചയും വരുത്തിയിട്ടില്ല. ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള കർശന നിർദ്ദേശങ്ങൾ പാലിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ ഒരു കൊവിഡ് രോഗി പോലും എറണാകുളത്ത് ചികിത്സയിലില്ല. മാത്രവുമല്ല, 28 ദിവസമായി ജില്ലയിൽ പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ആശ്വാസം നൽകുന്ന കാര്യമാണെങ്കിലും ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഏറിയിട്ടുണ്ട്. ഇന്നലെ മാത്രം 156 പേരെയാണ് പുതുതായി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 811 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.
ഇതിൽ, 442 പേർ ഹൈ റിസ്‌ക് പട്ടികയിലും, 369 പേർ ലോ റിസ്‌ക് പട്ടികയിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. 43 പേരെ ഇന്നലെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതോടെ പട്ടികയിൽ നിന്നും ഒഴിവാക്കി. പുതുതായി ആറ് പേരാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ശേഖരിച്ച സാമ്പിളുകൾ ഉൾപ്പടെ 129 ഫലമാണ് ലഭിക്കാനുള്ളത്. ഇവ ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.
ഇന്നും കൂകിപ്പായും രണ്ട് ട്രെയിൻ ?
ജില്ലയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളെ രണ്ട് പ്രത്യേക ട്രെയിനുകളിലായി നാട്ടിലെത്തിക്കാൻ നീക്കം. ഇന്ന് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനനിൽനിന്ന് ഭുവനേശ്വറിലേക്കും ആലുവയിൽനിന്ന് പട്‌നയിലേക്കുമാണ് ട്രെയ്‌നുകൾ പ്രത്യേക ട്രെയിൻ പുറപ്പെടുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്ത് വിന്നിട്ടില്ല. ഇന്നലെ 1140 ഇതരസംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
പെരുമ്പാവൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചത്. പെരുമ്പാവൂരിൽ വച്ചുതന്നെ തൊഴിലാളികളെയെല്ലാം പരിശോധനനയ്ക്ക് വിധേയരാക്കുകയും യാത്ര സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് 40 ബസ്സുകളിലാണ് കൃത്യമായ അകലം പാലിച്ച് അവരെ ആലുവ റെയിൽവെ സ്‌റ്റേഷനനിലെത്തിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനിൽ കരുതിയിട്ടുണ്ട്. ആലുവയിൽനിന്ന് പുറപ്പെട്ട തീവണ്ടി ഇനി ഒഡീഷയിലെ ഭുവനേശ്വറിൽ മാത്രമെ നിർത്തൂ.