summer

നമ്മുടെ ശരീരത്തിന് ഏറെ അസ്വസ്ഥതകളും ക്ഷീണവും ഉണ്ടാക്കുന്ന കാലമാണ് വേനൽക്കാലം. ഈ സമയത്ത് ജലത്തിന്റെ അളവ് ശരീരത്തിൽ കുറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിരവധി അസുഖങ്ങൾപിടിപെടുന്ന സമയമാണിത്. മാത്രമല്ല, പൊടിപടലങ്ങളും ചൂടും ചർമ്മത്തിന് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ജലത്തിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

ദിവസവും ചില കാര്യങ്ങൾ ചെയ്താൽ ആരോഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും ഒരു പോലെ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയും. നിലവിൽ 10 മണിമുതൽ വൈകിട്ട് നാല് വരെയാണ് വെയിലിന്റെ തീക്ഷണത ഏറ്റവും കൂടുതൽ. പരമാവധി ഉച്ച സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. നന്നായി വെളളം കുടിക്കുക. പുറത്ത് പോകുമ്പോൾ കുട ഉപയോഗിക്കുക. വെയിലത്ത് നിന്ന് തിരിച്ച് വന്നാൽ ഉടൻ തണുത്ത വെളളത്തിൽ മുഖം കഴുകുക. ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്.

കൂടാതെ, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷ നേടാൻ സൺസ്‌ക്രീനുകൾ പുരട്ടുക. അതും പ്രകൃതിദത്തമായതാണ് കൂടുതൽ ഉത്തമം. ദിവസവും എട്ട് ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കുക. പയറുപൊടിയും തേങ്ങാപ്പാലും തേച്ച് കുളിച്ചാൽ ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞ് ചൂടുകുരുക്കൾ വരുന്നത് തടയാം. വെള്ളരിക്ക കഷ്ണങ്ങൾ വട്ടത്തിൽ മുറിച്ച് കണ്ണിന് മുകളിൽ വെയ്ക്കുന്നത് കണ്ണിന് കുളിർമ്മ നൽകുന്നതാണ്.

മാത്രമല്ല, കണ്ണിന് ചുറ്രുമുള്ള കറുത്ത പാടുകൾ മായുകയും ഉന്മേഷം ഉളവാകുകയും ചെയ്യുന്നു. അതോടൊപ്പം, വെള്ളരിക്ക അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് അല്‍പ്പനേരം പുരട്ടി കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുന്നതും ഏറെ നല്ലതാണ്. ഇത് മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റുകയും ചർമ്മം സുന്ദരമാക്കുകയും ചെയ്യുന്നു. കുളിക്കാനുള്ള വെള്ളത്തിൽനാരങ്ങാ നീര് പിഴിയുകയോ രാമച്ചം ഇട്ട് വെക്കുകയോ ചെയ്യുന്നതും നല്ലതാണ്.