തിരുവനന്തപുരം: സാമ്പത്തിക മാനേജ്മെന്റ് അല്ല സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസർക്കാരിന്റേതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ലോക്ക് ഡൗണിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ജി.എസ്.ടി വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. മേയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കും. ലോക്ക് ഡൗൺ മൂന്നാമതും നീട്ടിയ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് ഇതിനിടയിൽ എന്തു സംഭവിക്കുന്നുവെന്ന് ആലോചിക്കുന്നില്ല. സംസ്ഥാനങ്ങൾ തകരാതിരിക്കാൻ കേന്ദ്ര ശ്രദ്ധിക്കണണം. പ്രതിസന്ധി ഘട്ടത്തിൽ പ്രത്യേക സഹായമില്ലെങ്കിലും തരാനുള്ള പണമെങ്കിലും കൃത്യസമയത്ത് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം.
സംസ്ഥാനത്തിന്റെ ജി.എസ്.ടി കുടിശിക തന്നു തീർക്കാൻ കേന്ദ്രം തയ്യാറാകണം. ഇക്കാര്യങ്ങൾ ശക്തമായി ഉന്നയിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ധനകാര്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഈ ആവശ്യങ്ങൾ വീണ്ടും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
ധനകാര്യ വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രതീക്ഷിച്ചതിന്റെ നാലിൽ ഒന്ന് വരുമാനം പോലും കേരളത്തിന് കിട്ടിയിട്ടില്ലെന്നും വരുമാനം ഇല്ലാതെ കുടിശികകൾ തീർക്കുന്നത് വൻ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളം കൊടുക്കാൻ ആയിരം കൂടി കടമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.