കാസർകോട് :കൊവിഡ് ഡ്യുട്ടിക്ക് അദ്ധ്യാപകരെയും രംഗത്തിറക്കുന്നു. കാസർകോട് ജില്ലയിലാണ് അദ്ധ്യാപകരെ തയ്യാറാക്കി നിർത്താൻ ജില്ലാഭരണകൂടം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് നിമിഷവും ഡ്യൂട്ടിക്ക് ഹാജരാകുന്ന വിധത്തിൽ 900 അദ്ധ്യാപകരുടെ പട്ടിക തയ്യാറാക്കാനാണ് ജില്ലാ കളക്ടർ ഡോക്ടർ ഡി സജിത് ബാബു കാസർകോട് ഡിഡിഇക്ക് ഉത്തരവ് നൽകിയത്.
ഒന്നര മാസത്തിലധികമായി വെറുതെ വീട്ടിൽ ഇരിക്കുന്ന അദ്ധ്യാപകരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചിരുന്നില്ല. ആരോഗ്യവകുപ്പിനും പൊലീസിനും ഒപ്പം അധ്യാപകരെയും കൂട്ടിയോജിപ്പിക്കണമെന്ന് അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. എന്നാൽ സർക്കാർ ഇതിന് പച്ചക്കൊടി കാണിച്ചിരുന്നില്ല. കുട്ടികളില്ലാതെ പൂട്ടിക്കിടന്ന സ്കൂളുകളിൽ ഹാജരാകണമെന്ന് മാത്രമാണ് തുടക്കത്തിൽ അധ്യാപകരോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് അതും നിർത്തി വീട്ടിൽ ഇരിക്കാൻ പറഞ്ഞു. ഇനിയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരെയും ഉൾപ്പെടുത്താം എന്നാണ് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയത്.
കാസർകോട് തലപ്പാടിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തുന്നവരെ പരിശോധിക്കാനും സഹായം ചെയ്യാനും തയ്യാറാക്കുന്ന ഹെൽപ് ഡെസ്കിൽ ജില്ലയിലെ അദ്ധ്യാപകരെ നിയമിക്കാനാണ് കളക്ടർ ഉത്തരവിട്ടത്. തലപ്പാടി അതിർത്തിയിൽ എളുപ്പം എത്തിച്ചേരാൻ കഴിയുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് അദ്ധ്യാപകരുടെ ലിസ്റ്റ് ആണ് കളക്ടർ ചോദിച്ചത്. എട്ട് മണിക്കൂർ വീതം പ്രവർത്തിക്കുന്ന മൂന്ന് ഷിഫ്റ്റ് ആയുള്ള ഹെൽപ്പ് ഡെസ്ക്കിൽ ഓരോ യൂണിറ്റിലും മൂന്ന് വീതം അദ്ധ്യാപകരെ നിയമിക്കും. 100 ഹെൽപ് ഡെസ്ക്ക് ആണ് അതിർത്തിയിൽ ഉണ്ടാവുക. ഇതിൽ 10 ഹെൽപ്പ് ഡെസ്‌ക്കുകളുടെ ഡ്യുട്ടി അദ്ധ്യാപകർക്കാണ്.
കളക്ടറുടെ ഉത്തരവ് ഡി ഡി ഇ കെ. വി പുഷ്പ സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് കൈമാറി. അത് പ്രകാരം താല്പര്യമുള്ള അദ്ധ്യാപകർ വെള്ളിയാഴ്ച തന്നെ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. മെയ് ഒന്നിനുള്ളിൽ അപേക്ഷ നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ അദ്ധ്യാപകരെ ഡ്യുട്ടി ഏൽപ്പിക്കാൻ ആണ് ആദ്യം ഉദ്ദേശിക്കുന്നത്. അവരെ തികയാതെ വന്നാൽ യു പി, പ്രൈമറി വിഭാഗം അദ്ധ്യാപകരെയും ഉപയോഗിക്കും. അന്യസംസ്ഥാനത്ത് കഴിയുന്ന 18000 ത്തോളം ആളുകൾ വടക്കൻ ജില്ലകളിലേക്ക് വരുന്നതിന് തലപ്പാടി അതിർത്തിയിൽ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവരുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നടത്തിയിരുന്നു.