തിരുവനന്തപുരം:ജീവനക്കാർക്ക് മൊറട്ടോറിയവുമായി സർക്കാർ. സർക്കാരിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്കും മുൻകൂറിനും പി.എഫ് തിരിച്ചടവിനും ആഗസ്റ്റ് വരെയാണ് സാവകാശം നൽകിയിട്ടുള്ളത്. മാസം ആറുദിവസത്തെ ശമ്പളം മാറ്റിവയ്ക്കപ്പെടുമ്പോൾ ബുദ്ധിമുട്ടിലാകുന്ന ജീവനക്കാരെ സഹായിക്കാനാണിത്. മാറ്റിവയ്ക്കപ്പെടുന്ന തിരിച്ചടവ് 10 തുല്യതവണകളായി സെപ്തംബർ മുതൽ അടുത്ത ജൂൺ വരെയുള്ള ശമ്പളത്തിൽ നിന്ന് ഈടാക്കും.
ഇൗ ആനുകൂല്യം വേണ്ട ജീവനക്കാർ ഡി.ഡി. ഒക്ക് അപേക്ഷ സമർപ്പിക്കണം. ആറുദിവസത്തെ ശമ്പളം പിടിക്കാൻ ബുദ്ധമുട്ട് നേരിടുകയാണങ്കിൽ പി എഫിലേക്ക് അടക്കേണ്ട തുക അടിസ്ഥാന ശമ്പളത്തിൻെ ആറുശതമാനമാക്കി നിജപ്പെടുത്താനും ധനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. നാലാം തീയതിതന്നെ ശമ്പളവിതരണം തുടങ്ങും. അന്നുതന്നെ തന്നെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ശമ്പളം നൽകും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാൻ ശമ്പളവിതരണ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തും.