remdesivir

ന്യൂയോർക്ക് : കൊവിഡിന് വൈറസിനെതിരെ എബോളയ്ക്കെതിരെയുള്ള മരുന്നായ റെംഡെസിവിർ ഉപയോഗിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി. കൊവിഡ് - 19 ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മരുന്നു നൽകാനാണ് അനുമതി. അടുത്തിടെ നടന്ന പഠനങ്ങളിൽ റെംഡെസിവിർ കൊവിഡ് ബാധിച്ചവരുടെ രോഗം വേഗത്തിൽ ഭേദമാക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത്യന്തം അടിയന്തിര ഘട്ടങ്ങളിൽ മാത്രം മരുന്നുപയോഗിക്കാനാണ് അനുമതി.

അമേരിക്കൻ കമ്പനിയായ ഗിലിയെഡ് ഫാർമസ്യൂട്ടിക്കൽ ആണ് റെംഡെസിവിറിന്റെ നിർമാതാക്കൾ. എന്നാൽ എബോള പ്രതിരോധ മരുന്നായ റെംഡെസിവിറിന് കൊവിഡിനെ പൂർണമായും ഇല്ലാതാക്കാനാകില്ല. കൊവിഡ് രോഗികളെ റെംഡെസിവിർ ഉപയോഗിച്ച് ചികിത്സിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. നിലവിൽ കൊവിഡ് ലക്ഷണങ്ങളുള്ളവരുടെ രോഗം ഭേദമാകാനെടുക്കുന്ന സമയം റെംഡെസിവിർ ഉപയോഗിക്കുന്നത് വഴി 15 ദിവസത്തിൽ നിന്നും 11 ദിവസമായി കുറയ്ക്കാൻ സാധിക്കുന്നതായി യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അലർജി ആൻഡ് ഇൻഫെക്ഷസ് ഡിസീസസ് നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്തി. ആശുപത്രിയിൽ കഴിഞ്ഞിരുന്ന 1,063 രോഗികളിലാണ് ഇതിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്. പകുതി പേർക്ക് റെംഡെസിവിറും മറ്റുള്ളവർക്ക് സാധാരണ ചികിത്സയും നൽകി നിരീക്ഷിക്കുകയായിരുന്നു. എന്നാൽ കൊവിഡ് രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ റെംഡെസിവിറിന് കഴിയുമോ എന്നതിൽ കൃത്യതയില്ല.